സ്വീഡനോട് നേടിയ 2-1 എന്ന വിജയം ജര്‍മ്മനിക്ക് ജീവവായു ആകുകയാണ് വിജയിച്ചത് ജര്‍മ്മന്‍ കോച്ചിന്‍റെ പ്ലാന്‍ ബി തന്ത്രം

മോസ്കോ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മെക്സിക്കോയോട് തോല്‍വി വഴങ്ങിയവരാണ് നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനി. സ്വീഡനോട് പരാജയമോ സമനിലയോ സംഭവിച്ചാല്‍ റഷ്യ വിടേണ്ടിവരും എന്ന് ഉറപ്പായിരുന്നു. അതിനാല്‍ തന്നെ സ്വീഡനോട് നേടിയ 2-1 എന്ന വിജയം ജര്‍മ്മനിക്ക് ജീവവായു ആകുകയാണ്. അടുത്ത മത്സരത്തില്‍ കൊറിയയെ തോല്‍പ്പിച്ചാല്‍ മുന്‍ ചാമ്പ്യന്മാര്‍ക്ക് അടുത്തഘട്ടത്തിലേക്ക് കടക്കാം.

ഒന്നാം മത്സരത്തിന് ശേഷം ജര്‍മ്മനി വിജയം വെട്ടിപ്പിടിച്ചത് എങ്ങനെയാണ്, അതില്‍ ഏറ്റവും കാര്യം കോച്ച് ജോക്കിം ലോ നടപ്പിലാക്കിയ തന്ത്രം തന്നെയാണ്. കളി തുടങ്ങി 32-ാം മിനുറ്റില്‍ ജര്‍മനിക്ക് സ്വീഡന്‍ ആദ്യ ഷോക്ക് നല്‍കിയിരുന്നു. ജര്‍മന്‍ പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി ഓല ടോയ്‌വനെന്‍ സ്വീഡനായി വലകുലുക്കി. ക്ലാസന്‍ നല്‍കിയ തന്ത്രപരമായ പാസ് ടോയ്‌വനെന്‍ നീന്തിത്തുടിച്ച് ഗോള്‍കീപ്പര്‍ ന്യൂയര്‍ക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് വലയിലാക്കുകയായിരുന്നു. ഇതോടെ ആദ്യ പകുതി ഇടവേളയ്ക്ക് പിരിഞ്ഞു.

എന്നാല്‍ ഇടവേളയ്ക്ക് ശേഷം എന്നും പറയാറുള്ള 'ക്ലാസിക്ക് ജര്‍മ്മനിയെയാണ്' കളത്തില്‍ കണ്ടത്. ശരിക്കും ജോക്കിം ലോയുടെ പ്ലാന്‍ ബി കളത്തില്‍ നടപ്പിലാക്കുകയായിരുന്നു ജര്‍മ്മനി. കൗണ്ടര്‍ തടയാന്‍ പാകത്തില്‍ ഡിഫന്‍സിനെ നിര്‍ത്തുകയും ആക്രമണ ശേഷി ഇരട്ടിയാക്കുകയുമാണ് ജര്‍മ്മനി ചെയ്തത്. ഗോള്‍ അവസരങ്ങള്‍ അനവധി ആയിരുന്നെങ്കിലും ഗോള്‍ പിറക്കാന്‍ സമയം എടുത്തുന്ന എന്നത് മികച്ച ഫിനിഷറുടെ അഭാവത്തിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. പ്രതിരോധത്തിന്‍റെ മധ്യനിര പോരളി ജെറോം റെ‍ഡ് കാര്‍ഡുമായി പോയപ്പോള്‍ വിങ് ബാക്കിനെ വലിച്ച് വിങ്ങറെ കൊണ്ടുവന്ന് ആക്രമണം കുറയ്ക്കില്ലെന്ന് ജര്‍മ്മനി പ്രഖ്യാപിച്ചു. 

നേരത്തെ ഫോമില്‍ ഇല്ലാത്ത മെസ്യൂട്ട് ഓസീലിനെയും മറ്റും ആദ്യ ഇലവനില്‍ നിന്നും മാറ്റി നിര്‍ത്താനുള്ള കോച്ചിന്‍റെ തീരുമാനവും വിജയമാണെന്നാണ് ജര്‍മ്മന്‍ വിജയം തെളിയിക്കുന്നത്. കൊറിയ മത്സരത്തില്‍ ഈ ടീമില്‍ മാറ്റത്തിന് കോച്ച് ജോക്കിം ലോ തയ്യാറാകുമോ എന്നതാണ് ചോദ്യം.