രാജസ്ഥാനിൽ ടാങ്കർ ലോറിക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം 14 ആയി. ചികിത്സയിൽ ഉണ്ടായിരുന്ന ഒരാൾ കൂടി മരിച്ചു.
Malayalam News Live: ജർമ്മനിയിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഓടിച്ചുകയറ്റി; 2 മരണം

ജർമനിയിൽ ക്രിസ്മസ് മാർക്കറ്റിലെ ആൾക്കൂട്ടത്തിലേക്ക് കാർ ഓടിച്ച് കയറ്റി. ഒരു കുട്ടി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. 68 പേർക്ക് പരിക്കേറ്റു. 15 പേരുടെ നില ഗുരുതരമാണ്. മാഗ്ദബർഗിലെ മാർക്കറ്റിലാണ് സംഭവം. കാറോടിച്ച സൗദി പൗരനായ ഡോക്ടറെ പൊലീസ് പിടികൂടി. ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.
മരണം 14 ആയി
വീണ്ടും പുലി
തൃശ്ശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലി ഇറങ്ങി. പശുക്കുട്ടിയെ കൊന്നു. തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡികൾക്ക് സമീപത്താണ് പുലിയിറങ്ങിയത്. കൂനത്തിൽ ഹമീദിൻ്റെ പശുക്കുട്ടിയെയാണ് പുലി പിടികൂടിയത്.
ശശിക്ക് പകരക്കാരായി
പാലക്കാട്: പാർട്ടി നടപടിക്ക് വിധേയനായ പി.കെ ശശിക്ക് പകരം സി.ഐ.ടി.യു ജില്ലാ പ്രസിഡൻ്റ്, ഹെഡ് ലോഡ് തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻ്റ് എന്നീ പദവികളിൽ പുതിയ ഭാരവാഹികളെ നിശ്ചയിച്ചു. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം പി.എൻ മോഹനൻ സി.ഐ.ടി.യു ജില്ലാ പ്രസിഡൻ്റാവും. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം ശശി ഹെഡ് ലോഡ് യൂണിയൻ ജില്ലാ പ്രസിഡൻ്റാവും. പാർട്ടി വിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിൽ തരംതാഴ്ത്തൽ നടപടി നേരിട്ടതിന് പിന്നാലെ ഈ രണ്ട് പദവികളിൽ നിന്നും ശശിയെ നീക്കിയിരുന്നു. ഒരു മാസം മുമ്പായിരുന്നു നടപടി.
അതിരുകടന്ന അഭ്യാസ പ്രകടനം
വാഹനങ്ങളുടെ മുകളിൽ വിദ്യാർത്ഥികളുടെ അതിരുകടന്ന അഭ്യാസ പ്രകടനത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ചൊവ്വാഴ്ച വാഴക്കുളം മാറമ്പിള്ളി എം ഇ എസ് കോളേജിലെ ക്രിസ്മസ് ആഘോഷങ്ങൾക്കിടെ വിദ്യാർത്ഥികൾ വാഹനത്തിനു മുകളിൽ കയറി അഭ്യാസപ്രകടനം നടത്തിയ സംഭവത്തിലാണ് നടപടി. ദൃശ്യങ്ങളിലുള്ള വാഹനങ്ങൾക്ക് എം വി ഡി നോട്ടീസ് നൽകി. വാഹനം ഓടിച്ചവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് അടക്കം നടപടികളിലേക്ക് ഉദ്യോഗസ്ഥർ കടക്കും. 40ലധികം വാഹനങ്ങൾ പരിപാടിയിൽ പങ്കെടുത്തുവെന്ന് മോട്ടർ വാഹന വകുപ്പ് പറയുന്നു. അന്വേഷണത്തിന് കോളേജിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും.
പോക്സോ കേസ് പ്രതി രക്ഷപ്പെട്ടു
പോക്സോ കേസ് പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. എറണാകുളം മൂക്കന്നൂർ സ്വദേശി ഐസക് ബെന്നിയാണ് ആലുവ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ രക്ഷപ്പെട്ടത്. പൊലീസ് സ്റ്റേഷന്റെ മുകൾ നിലയിലെ വാതിൽ തുറന്നാണ് ഇയാൾ കടന്നത്. പോക്സോ കേസിൽ പ്രതിയാണ് 22 കാരനായ ഐസക് ബെന്നി. ഇന്നലെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ശ്രീലങ്കൻ കടൽക്കൊള്ളക്കാർ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ആക്രമിച്ചു
തമിഴ്നാട്ടിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ കടൽക്കൊള്ളക്കാർ ആക്രമിച്ചു. നാഗപ്പട്ടണം സ്വദേശികളായ രാജേന്ദ്രൻ , രാജ്‌കുമാർ, നാഗലിംഗം എന്നിവർക്ക് പരുക്കേറ്റു. ഇവരുടെ വലയും ജിപിഎസ് ഉപകരണങ്ങളും കൊള്ളക്കാർ കവർന്നു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
മുളന്തുരുത്തി പള്ളിയിൽ സംഘർഷം
എറണാകുളം മുളന്തുരുത്തി പള്ളിയിൽ സംഘർഷം. മുളന്തുരുത്തി സി ഐ മനേഷ് കെ പി അടക്കം മൂന്ന് പോലീസുകാർക്ക് പരുക്കേറ്റു. മുളന്തുരുത്തി മർത്തോമൻ ഓർത്തഡോക്സ് പള്ളിയിലെയും യാക്കോബായ പള്ളിയിലെയും വിശ്വാസികളുടെ സംഘർഷത്തിനിടയിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെ യാക്കോബായ വിഭാഗത്തിന്റെ പ്രദക്ഷിണം കടന്നു പോകുമ്പോൾ ഓർത്തഡോക്സ് പള്ളിക്കകത്ത് നിന്നും വാദ്യ മേളമടക്കം ശബ്ദം ഉണ്ടാക്കിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഇതോടെ രണ്ട് വിഭാഗത്തോടും പൊലീസ് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെന്നും ഇതോടെ വിശ്വാസികൾ പൊലീസിനെ ആക്രമിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കണ്ടാലറിയാകുന്ന മുപ്പതിലധികം പേർക്കെതിരെ കേസെടുത്തു .
എംടിയുടെ ആരോഗ്യനില
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എംടി വാസുദേവൻ നായരുടെ ആരോഗ്യ നിലയിൽ മാറ്റമില്ല. എന്നാൽ അദ്ദേഹം ചികിത്സയോട് നേരിയ തോതിൽ പ്രതികരിക്കുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു.
സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണം
കട്ടപ്പനയിലെ സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് വി ആർ സജി ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്ത്. സിപിഎം മുൻ കട്ടപ്പന ഏരിയ സെക്രട്ടറിയാണ് വി ആർ സജി. താൻ ബാങ്കിൽ പണം ചോദിച്ച് എത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോൺ സംഭാഷണത്തിൽ പറയുന്നു. താൻ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു. ഈ മാസത്തെ പണത്തിൽ പകുതി നൽകിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യം എന്തെന്നാണ് സജി തിരിച്ച് ചോദിക്കുന്നത്. വിഷയം മാറ്റാൻ നോക്കേണ്ടെന്നും അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും പറഞ്ഞ സജി, 'പണി മനസ്സിലാക്കി തരാം' എന്ന് സാബുവിനെ ഭീഷണിപ്പെടുത്തി. പണം തരാൻ ഭരണ സമിതിയും ജീവനക്കാരും ശ്രമിക്കുമ്പോൾ ജീവനക്കാരനെ ആക്രമിച്ചത് ശരിയായില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇത്.
രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരത്ത് ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പാലക്കാട് മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്. ലോറിയുമായി കൂട്ടിയിടിച്ച ബൈക്കിൽ നിന്ന് തെറിച്ച് വീണ് പരുക്കേറ്റാണ് യുവാക്കൾ മരിച്ചത്. ബൈക്ക് പൂർണമായും കത്തി നശിച്ചു.
ഷുഹൈബിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തേക്കും
ക്രിസ്‌മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസിൽ കുറ്റാരോപിതരായ എം എസ് സൊല്യൂഷസിൻ്റെ സി ഇ ഒ ഷുഹൈബിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തേക്കും. സ്ഥാപനത്തിൽ ക്ലാസ്സ് എടുത്തിരുന്നവരെയും ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് നീക്കം. മറ്റ് ഓൺലൈൻ ട്യൂഷൻ പ്ലാറ്റ്‌ഫോമുകളെ കുറിച്ചും അന്വേഷണം നടത്തും. കൊടുവള്ളിയിലെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിൽ ഷുഹൈബിന്റെ മൊബൈൽ ഫോണും ലാപ്ടോപും ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കി വിശദാംശങ്ങൾ ശേഖരിക്കാനാണ് ശ്രമം.