മൃതദേഹം പെട്ടെന്ന് സംസ്കരിച്ചതിൽ ദുരൂഹത കേസ് അവസാനിപ്പിക്കാനാണ് പോലീസിന് താത്പര്യം
തിരുവനന്തപുരം: കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് ശ്രമിക്കുന്നു എന്ന് സുഹൃത്ത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും മറുപടി കിട്ടിയില്ല. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും വിദേശവനിതയുടെ സുഹൃത്ത് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് പോലീസിന്‍റെ ശ്രമം. മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ് തള്ളി യാണ് മൃതദേഹം ദഹിപ്പിച്ചത്. സംസ്കാര ചടങ്ങുകള്‍ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനും വീണ്ടും പോസ്റ്റ്മോര്‍ട്ടം നടത്താനുമുള്ള അവസരം ഇല്ലാതാക്കി. പണം കൊടുത്ത് മരിച്ച വനിതയുടെ സഹോദരിയെ സ്വാധീനിച്ചുവെന്നും കൊല്ലപ്പെട്ട വിദേശ വനിതയുടെ സുഹൃത്ത് പറയുന്നു.
കേസന്വേഷണവും പോലീസ് പറയുന്നതിലും ഒരുപാട് വൈരുദ്ധ്യങ്ങളുണ്ട്. സ്വാധീനമുള്ള യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് ശ്രമമെന്നും സുഹൃത്ത് ആരോപിക്കുന്നു. യുവതിയുടെ മരണത്തിലെ ദുരൂഹതയും സാമൂഹികപ്രശ്നങ്ങളും പ്രമേയമാക്കി സിനിമ നിര്‍മ്മിക്കും. മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ പ്രശനങ്ങളും സിനിമയിലുണ്ടാകും. അന്താരാഷ്ട്ര തലത്തില്‍ സിനിമ എത്തിക്കുകയാണ് ലക്ഷ്യമെന്നും മരിച്ച യുവതിയുടെ പങ്കാളി അറിയിച്ചു.
