ലോ അക്കാദമി പ്രശ്നത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞ് മുഖ്യമന്ത്രി. മാനേജ്മെന്റിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന് കോണ്‍ഗ്രസ്സും ബിജെപിയും കുറ്റപ്പെടുത്തി. ലോ അക്കാദമി പ്രശ്നത്തില്‍ സിന്‍ഡിക്കേറ്റ് യോഗത്തിലെ വോട്ടെടുപ്പില്‍ നിന്നു കോണ്‍ഗ്രസ് അംഗം വിട്ടുനിന്നത് പരിശോധിക്കുമെന്ന് വിഎം സുധീരന്‍ വ്യക്തമാക്കി. അതിനിടെ വിദ്യാര്‍ത്ഥികളുടെ സമരം പത്തൊന്‍പതാം ദിവസത്തിലേക്ക് കടന്നു. അതേസമയം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ കാഞ്ഞങ്ങാട്ടെ വീടിന് മുന്നില്‍ എബിവിപി 48 മണിക്കൂര്‍ സത്യഗ്രഹം തുടങ്ങി. ലോ അക്കാദമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ കണ്ടു കെട്ടണമെന്നാവശ്യപ്പെട്ടാണ് സമരം.
ലക്ഷ്മി നായര്‍ക്കെതിരായ നടപടിയില്‍ തീരുമാനം സര്‍ക്കാറിന് വിട്ട് കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് കൈകഴുകി. സര്‍ക്കാര്‍ നിലപാട് എല്ലാവരും ഉറ്റുനോക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രതികരിക്കാതെയൊഴിഞ്ഞത്.
സമരത്തിനി സിപിഎം പിന്തുണ പ്രഖ്യാപിച്ചെങ്കിലും സിണ്ടിക്കേറ്റ് യോഗത്തില്‍ സിപിഎം അംഗങ്ങള്‍ എടുത്ത നിലപാടാണ് കോണ്‍ഗ്രസ്സും ബിജെപിയും ചോദ്യം ചെയ്യുന്നത്. പന്ത് സര്‍ക്കാറിന്റെ കോര്‍ട്ടിലേക്ക് തട്ടിയിട്ടത് മാനേജ്മെന്റുമായുണ്ടാക്കിയ ഒത്തുകളിയുടെ ഭാഗമാണെന്നാണ് ആക്ഷേപം.
അതേസമയം കോളേജില്‍ വിദ്യാര്‍ത്ഥി സമരം ശക്തമായി തുടരുന്നു. പിന്തുണയുമായി ബിജെപി നേതാവ് വിമുരളീധരന്റെ ഉപവാസവും തുടരുന്നു.
പ്രശ്നത്തില്‍ ഇടപടെണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഗവര്‍ണ്ണക്ക് നിവേദനം നല്‍കി. കേരള സര്‍വ്വകലാശാല പ്രമേയം നാളെ സര്‍ക്കാറിന് കൈമാറും. എന്തുനടപടി സ്വീകരിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാറിന് ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍ പ്രിന്‍സിപ്പല്‍ മാറും വരെ സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.
