തിരുവനന്തപുരം: ലോ അക്കാദമി ഭരണസമിതി നിയമാവലി തിരുത്തി സര്‍ക്കാര്‍ പ്രതിനിധികളെ ഒഴിവാക്കിയത് ആസൂത്രിതമാണെന്നതിന്റെ രേഖകള്‍ പുറത്ത്. മന്ത്രിമാര്‍ ഉള്‍പ്പെട്ട 51 അംഗ ഭരണസമിതി 21 ആക്കി തിരുത്തിയ നിയമാവലി ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. സെക്രട്ടറിയേറ്റ് പരിസരത്തെ ഫ്ലാറ്റ് നിര്‍മ്മാണത്തിനെതിരായ പരാതിയില്‍ നല്‍കിയ വിശദീകരണത്തിനൊപ്പം, അതീവരഹസ്യമായിട്ടാണ് പുതിയ നിയമാവലി രജിസ്‍ട്രേഷന്‍ വകുപ്പിന് കൈമാറിയിത്.
1966ല്‍ സര്‍ക്കാര്‍ ഭൂമി നല്‍കുമ്പോള്‍ ലോ അക്കാദമിയുടെ ഭരണ സമിതിയുടെ ഘടന അന്നത്തെ നിയമാവലിയില്‍ കൃത്യമായി പറയുന്നുണ്ട്. ഗവര്‍ണ്ണറും മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും രക്ഷാധികാരികള്‍. വിദ്യാഭ്യാസ-നിയമ മന്ത്രിമാരും കേരള വിസിയും എജിയും ഉള്‍പ്പെട്ട ചെയര്‍മാന്‍മാരുടെ പാനല്‍. വിദ്യാഭ്യാസ- നിയമ സെക്രട്ടറിമാറും കേരള സര്‍വ്വകലാശാല ഡീനും ഉള്‍പ്പെട്ട വൈസ് ചെയര്‍മാന്‍മാരുടെ പാനലും പിന്നെ മറ്റ് അംഗങ്ങളും. ആകെ ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങളുടെ എണ്ണം 51. ചെയര്‍മാന്‍മാരുടേയും വൈസ് ചെയര്‍മാന്‍മാരുടേയും പാനലും സ്ഥാപക അംഗങ്ങളും വകുപ്പ് തലവന്മാരും അംഗങ്ങള്‍.
ഇനി 2014ലെ തിരുത്തിയ നിയമാവലി കൂടി കാണണം. സര്‍ക്കാര്‍ പ്രതിനിധികളെ മുഴുവന്‍ വെട്ടിത്തിരുത്തി. 51 അംഗങ്ങള്‍ 21 ആയി മാറി. വിവരാവകാശ നിയമ പ്രകാരം ഏഷ്യാനെറ്റ് ന്യൂസിന് കിട്ടിയതാണ് നിയമാവലി. നിയമാവലിയില്‍ ഭേദഗതി വരുത്തണമെങ്കില്‍ കൗണ്‍സിലില്‍ വോട്ടെടുപ്പ് നടത്തണം, മൂന്നില്‍ രണ്ട് ഭൂരിപക്ഷവും വേണം, സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട കൗണ്‍സില്‍ ഇതുവരെ അങ്ങിനെയൊരു വോട്ടെടുപ്പ് നടന്നതായി ഒരു രേഖയിലുമില്ല. മാത്രമല്ല എക്‌സ് ഒഫീഷ്യോ അംഗങ്ങളായ മന്ത്രിമാരെ വോട്ടെടുപ്പിലൂടെ മാറ്റാനുമാകില്ല.
തിരുത്തിയ രേഖ നല്‍കിയ സാഹചര്യവും പ്രധാനമാണ്. 2014ല്‍ പുന്നന്‍ റോഡിലെ ഫ്ലാറ്റിനെതിരെ പരാതി ഉയര്‍ന്നപ്പോള്‍ രജിസ്‍ട്രേഷന്‍ വകുപ്പിന് മാനേജ്മെന്റ് നല്‍കിയ രേഖക്കൊപ്പമാണ് തിരുത്തിയ നിയമാവലി സമര്‍പ്പിച്ചത്. രജിസ്‍ട്രേഷന്‍ വകുപ്പാകട്ടെ നിയമാവലി തിരുത്തിയതിന്റെ ഗൗരവം കാര്യമായി പരിഗണിച്ചതുമില്ല. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് തുടങ്ങിയ ട്രസ്റ്റ് കുടുംബസ്വത്താക്കാനും സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് ഫ്ലാറ്റ് നിര്‍മ്മിക്കാനുമൊക്കെയായി ഭരണസമിതിയിലെ സര്‍ക്കാര്‍ പ്രതിനിധികളെ രഹസ്യമായി വെട്ടിത്തിരുത്തിയെന്ന് വേണം കരുതാന്‍. തിരുത്തില്‍ രജിസ്‍ട്രേഷന്‍ വകുപ്പ് അന്വേഷണം നടത്തുമ്പോള്‍ പുറത്ത് വന്ന തിരുത്തിയ നിയമാവലി ഏറെ നിര്‍ണ്ണായകമാണ്.
