തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നത്തിൽ നടപടിയില്ലാതെ സർക്കാറും കേരള സർവ്വകലാശാലയും പരസ്പരം ഒഴിഞ്ഞുമാറുന്നു. ഉപസമിതി റിപ്പോർട്ടും സിൻഡിക്കേറ്റ് പ്രമേയവും പരിശോധിച്ച്, തുടർ നടപടികൾ സ്വീകരിക്കാൻ സർവ്വകലാശാലയെ ചുമതലപ്പെടുത്തിയെന്ന് വിദ്യാഭ്യാസമന്ത്രി പറയുന്നു. നേരത്തെ ലക്ഷ്മിനായർക്കെതിരെ ചട്ടലംഘനം കണ്ടെത്തിയിട്ടും സർവ്വകലാശാല നടപടി എടുക്കാതെ തീരുമാനം സർക്കാറിന് വിട്ടിരുന്നു.
അതിനിടെ ലക്ഷ്മിനായർ സ്ഥാനമൊഴിഞ്ഞ് എസ്എഫ്ഐ സമരം പിൻവലിച്ചെങ്കിലും വിഎസ് അച്യുതാനന്ദന്‍ പിന്നോട്ടില്ല. ഒത്തുതീര്‍പ്പ് നിർദ്ദേശം തള്ളിയ കോൺഗ്രസ് എംഎല്‍എ കെ.മുരളീധരൻ ഉപവാസസമരം നടത്തുമെന്നും പ്രഖ്യാപിച്ചു.
ഭൂമി വിവാദത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ റവന്യുസെക്രട്ടറിക്ക്, മന്ത്രി നിർദ്ദേശം നൽകി.
അതിനിടെ വിദ്യാർത്ഥികളെ മറയാക്കി, ലോ അക്കാദമി പേരൂർക്കട സഹകരണ ബാങ്കിൽ കോടികൾ നിക്ഷേപിച്ചതായും പരാതി ഉയർന്നു. നോട്ട് അസാധുവാക്കലിന് ശേഷം, രണ്ടേകാൽ കോടി രൂപ രണ്ട് അക്കൗണ്ടുകളിൽ നിക്ഷേപിച്ചത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ആദായനികുതി വകുപ്പിനെ സമീപിച്ചു. എന്നാൽ ആരോപണങ്ങൾ അക്കാദമി ഡയറക്ടർ നാരായണൻ നായർ നിഷേധിച്ചു. സുവർണ്ണ ജൂബിലി ആഘോഷത്തിന് വിദ്യാർത്ഥികളിൽ നിന്നും പിരിച്ച പണവും ഫീസുമാണ് നിക്ഷേപിച്ചതെന്നാണ് വിശദീകരണം
