ലക്ഷ്മി നായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് തങ്ങള്‍ക്ക് ഉറപ്പ് കിട്ടിയതായി എസ്.എഫ്.ഐ നേതാക്കളാണ് ആദ്യം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. കോളേജ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പ് കിട്ടിയെന്നും എസ്.എഫ്.ഐ നേതാക്കള്‍ അറിയിച്ചു. എന്നാല്‍ കോളേജ് മാനേജ്മെന്റ് ഔദ്ദ്യോഗികമായി ഇക്കാര്യം അറിയിക്കുന്നത് വരെ സമരം തുടരുമെന്ന് കോളേജില്‍ സമരം നടത്തിവന്ന മറ്റ് സംഘടകള്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് തീരുമാനം വിശദീകരിച്ച് കോളേജ് ഡയറക്ടര്‍ എന്‍. നാരായണന്‍ നായര്‍ ഇക്കാര്യം വിശദീകരിച്ച് വാര്‍ത്താ സമ്മേളനം നടത്തിയത്.

ലക്ഷ്മി നായര്‍ക്ക് കോളേജില്‍ പ്രവേശിക്കുന്നതിന് തടസ്സമുണ്ടാവില്ല. എന്നാല്‍ കോളേജില്‍ അധ്യാപികയായി പോലും പ്രവര്‍ത്തിക്കുകയില്ലെന്നാണ് മാനേജ്മെന്റ് വിശദീകരിക്കുന്നത്. കോളേജ് നാളെമുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ലോ അക്കാദമിക്ക് പുറത്ത് സെക്രട്ടേറിയറ്റിന് സമീപം പ്രവര്‍ത്തിക്കുന്ന റിസര്‍ച്ച് സെന്റര്‍ ഡയറക്ടറായി ലക്ഷ്മി നായരെ നിയമിക്കാനാണ് മാനേജ്മെന്റ് തീരുമാനം. ഉറപ്പ് കിട്ടിയ സാഹചര്യത്തില്‍ എസ്.എഫ്.ഐ നടത്തിവന്ന സമരം അവസാനിപ്പിച്ചു. എന്നാല്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും സമരം തുടരുകയാണ്. രേഖാമൂലം ഉറപ്പ് കിട്ടുന്നത് വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.