ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിന് പിന്നാലെ രാഷ്‌ട്രീയപ്പോര് മുറുകി. യുഡിഎഫ് കാലത്ത് നന്നായി നടത്തിയ കേസില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ വീഴ്ച ഉണ്ടായെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. സുപ്രീം കോടതിയില്‍ കേസ് വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ തോമസ് പി ജോസഫിനെ സഹായിക്കാന്‍ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന സുരേശനടക്കമുള്ള വിദഗ്ധ സംഘത്തെ നേരത്തെ നിയോഗിച്ചിരുന്നു. എന്നാല്‍ ഇവരുടെ സേവനം വേണ്ടവിധം പ്രയോജനപ്പെടുത്തിയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. ഒരു മാസം മുമ്പ് കേസ് പോസ്റ്റ് ചെയിതിട്ടും ബന്ധപ്പെട്ടര്‍ ഒന്നും ചെയ്തില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച മുതിര്‍ന്ന തോമസ് പി ജോസഫിന് വീഴ്ച പറ്റിയിട്ടില്ലെന്നായിരുന്നു നിയമ മന്ത്രി എ.കെ ബാലന്റെ മറുപടി. കേസ് നടത്തിപ്പിനായി സ്റ്റാന്റിങ് കൗണ്‍സില്‍ നിരവധി തവണ ബന്ധപ്പെട്ടിട്ടും സുരേശന്‍ മറുപടി നല്‍കിയില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു. പ്രോസിക്യൂഷന് വീഴ്ച പറ്റിയെങ്കില്‍ പരിശോധിക്കണമെന്ന് സിപിഐഎം സെക്രട്ടറി കോടിയേരി ആവശ്യപ്പെട്ടു. ജീഷ വധക്കേസില്‍ പ്രതിയെ പിടിച്ച് ക്രെഡിറ്റ് നേടിയ സര്‍ക്കാറിനെതിരെ സൗമ്യകേസ് വിധി ഉയര്‍ത്തിയാണ് പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ കടന്നാക്രമണം. എന്നാല്‍ സംശയത്തിന്റെ ആനുകൂല്യമാണ് വിധിക്കുള്ള കാരണമെന്നും മറിച്ച് കേസ് നടത്തിപ്പിലെ വീഴ്ചയല്ലെന്നുമാണ് സര്‍ക്കാറിന്റെ പ്രതിരോധം.