അലഹാബാദ്: ഉത്തര്‍പ്രദേശില്‍ നിയമവിദ്യാര്‍ത്ഥിയെ അക്രമിസംഘം നാട്ടുകാര്‍ നോക്കിനില്‍ക്കെ മര്‍ദിച്ചു കൊലപ്പെടുത്തി. 26 കാരനായ ദിലീപ് സരോജ് എന്ന വിദ്യാര്‍ഥിയാണ് അലഹാബാദിലെ ഒരു ഭക്ഷണശാലയ്ക്കു സമീപം ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. ഹോക്കി സ്റ്റിക്കുകളും ഇരുമ്പ് ദണ്ഡുകളും കട്ടകളും ഉപയോഗിച്ചായിരുന്നു ക്രൂര മര്‍ദനം. 

സംഭവത്തില്‍ ദിലീപിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതേവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മര്‍ദനത്തിന്‍റെ വീഡേയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മദ്യലഹരിയിലുള്ള അക്രമി സംഘം ദിലീപിനെ മര്‍ദിക്കുന്നതു തടയാന്‍ ആരും തയാറാകുന്നില്ല എന്നു ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുറച്ചുസമയത്തിനു ശേഷം ഒരാളെത്തി അക്രമികളെ തള്ളിമാറ്റുന്നതും ദിലീപിനെയുമായി ബൈക്കില്‍ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. 

സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ ദിലീപ് ഭക്ഷണശാലയ്ക്കു സമീപം അക്രമികളുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടെന്നും ഇതാണ് ആക്രമണത്തിലേക്കു നയിച്ചതെന്നും പോലീസ് പറയുന്നു. മര്‍ദന ദൃശ്യങ്ങള്‍ ഭക്ഷണശാലയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് പോലീസ് ശേഖരിച്ചു പരിശോധിച്ചുവരികയാണ്.