റോഡ് അപകടങ്ങളില്‍ രക്ഷകരായെത്തുന്നവരെ സംരക്ഷിക്കാന്‍ കര്‍ണാടക മാതൃകയില്‍ സംസ്ഥാനം നിയമം കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നു. രക്ഷകരായെത്തുന്നവരെ നിയമ നടപടികളില്‍ നിന്നും ഒഴിവാക്കണം. പ്രാഥമിക ചികിത്സയ്‌ക്ക് ആവശ്യമായ തുക ആശുപത്രികളില്‍ സര്‍ക്കാര്‍ ഉറപ്പാക്കണമെന്നുമാണ് ആവശ്യം..

അപകടത്തില്‍പെട്ടു കിടക്കുന്ന ആദ്യ മണിക്കൂറുകള്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ഏറെ നിര്‍ണായകമാണ്. ആള്‍ക്കൂട്ടം കാഴ്ചക്കാരായിട്ടും കെട്ടിടത്തിന് മുകളില്‍ നിന്നും വീണ സജിയെ രക്ഷിക്കാനായത് സമയത്ത് ആശുപത്രിയിലെത്തിച്ചതിനാലാണ്. രഞ്ജിനിയെന്ന ആഭിഭാഷകയുടെ ഇടപെടല്‍ ഏറെ നിര്‍ണായകമായിരുന്നു. പലരും കാഴ്ചക്കാരാവുന്നത് പിന്നീടുള്ള നിയമ നടപടികള്‍ ഭയന്നാണ്. രക്ഷകരാവുന്ന നല്ല സമരിയാക്കാരെ സംരക്ഷിക്കാന്‍ സംസ്ഥാനം നിയമം കൊമ്ടുവരണമെന്നാണ് പൊതു പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. കര്‍ണാടകമാണ് രാജ്യത്ത് അത്തരമൊരു നിയമമുള്ള സംസ്ഥാനം. രാജസ്ഥാനും ദില്ലിയും നിയമമുണ്ടാക്കാനുള്ള ശ്രമമാരംഭിച്ചു. രക്ഷകരെ നിയമ നടപടികളിലേക്ക് വലിച്ചിഴക്കില്ലെന്നുറപ്പു നല്‍കുന്നതോടൊപ്പം ആദ്യമണിക്കൂറില്‍ ആശുപത്രിയില്‍ നിശ്ചിത തുക സര്‍ക്കാര്‍ നല്‍കുകയും ചെയ്യും

ഒന്നര ലക്ഷത്തിനടുത്ത് ആളുകളാണ് പ്രതിവര്‍ഷം രാജ്യത്ത് റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നത്. അതില്‍ പകുതിയും ചികിത്സ വൈകുന്നതിനാലാണ്. രക്ഷകരെ സംരക്ഷിക്കാന്‍ കര്‍ണാടക മാതൃകയില്‍ സംസ്ഥാനം നിയമം കൊണ്ടുവന്നാല്‍ ആളുകളുടെ നിസ്സഹകരണത്തിന് മാറ്റമുണ്ടാകുമെന്നും പൊതുപ്രവര്‍ത്തകര്‍ പറയുന്നു.