ദില്ലി: മുതിര്‍ന്ന് അഭിഭാഷകരെ വിമര്‍ശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ബാബറി മസ്ജിദ്-രാമജന്മഭൂമി കേസ് കഴിഞ്ഞ ദിവസം പരിഗണിക്കവെ മുതിര്‍ന്ന അഭിഭാഷകരുടെ ഭാഗത്തുനിന്നുണ്ടായ നടപടിയെ ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിന്റെ വിമര്‍ശനം. 

കേസ് പരിഗണിക്കവെ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബില്‍, രാജീവ് ധവാന്‍, ദുഷ്യന്ത് ധവെ, എന്നിവര്‍ ഉച്ചത്തില്‍ സംസാരിക്കുകയും ഇറങ്ങിപ്പോകുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവങ്ങളെല്ലാം അത്യന്തം ലജ്ജാകരമാണ്. നിര്‍ഭാഗ്യവശാല്‍ ചില അഭിഭാഷകര്‍ കരുതുന്നത് അവര്‍ക്ക് കോടതിയില്‍ ഉച്ചത്തില്‍ സംസാരിക്കാം എന്നാണ്. എന്നാല്‍ ഇതൊരിക്കലും അനുവദിക്കാനാകില്ല. ഉച്ചത്തിലുള്ള സംസാരം നിങ്ങളുടെ കുറവുകളും കഴിവില്ലായ്മയുമാണ് കാണിക്കുക എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

അഭിഭാഷക സംഘം ഇത് സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ നിയന്ത്രിക്കാന്‍ തങ്ങള്‍ നിര്‍ബദ്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകരുടെ പേരെടുത്ത് പറയാതെയായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വിമര്‍ശനം. 

രാമജന്മഭൂമി കേസ് പരിഗണിക്കുന്നത് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആകണമെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബില്‍ അടക്കം ആവശ്യപ്പെട്ടത്. എന്നാല്‍ ഇല്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് സിഎസ് വൈദ്യനാഥനോട് വാദം തുടങ്ങാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു മുതിര്‍ന്ന അഭിഭാഷകര്‍ ഇറങ്ങിപ്പോകുമെന്ന് ഭീഷണിപ്പെടുത്തുകയും കയര്‍ക്കുകയും ചെയ്ത്.