തിരുവനന്തപുരം: കേരളത്തിലെ അഭ്യസ്‌തവിദ്യരായ ചെറുപ്പക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് പരീക്ഷയുടെ വിജ്ഞാപനം നവംബര്‍ 25ന് പ്രസിദ്ധപ്പെടുത്താന്‍ പി എസ് സി ഭരണസമിതി യോഗം തീരുമാനിച്ചു. പി എസ് സിയുടെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത്, പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റിവെച്ച വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. ഡിസംബര്‍ 28 വരെയാണ് പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള അവസാന സമയം. ഏപ്രില്‍ മാസം മുതല്‍ പരീക്ഷ നടത്താനാണ് പി എസ് സി ആലോചിക്കുന്നത്. മുന്‍കാലങ്ങളിലേത് പോലെ ഒരു ദിവസം രണ്ടു ജില്ലകളിലെ പരീക്ഷ നടത്താനാണ് പി എസ് സി കണക്കാക്കുന്നത്.
എല്‍ ഡി സി പരീക്ഷയ്‌ക്ക് മുമ്പ് പി എസ് സി തയ്യാറാക്കുന്ന ചോദ്യ ബാങ്ക് വിപുലീകരിക്കാനും അതിനുവേണ്ടിയുള്ള ശില്‍പശാലകള്‍ നടത്താനും യോഗത്തില്‍ തീരുമാനിച്ചു. വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍, ആധാര്‍ കാര്‍ഡ് ഐ ഡിയായി നല്‍കാനുള്ള അവസരം കൂടി കഴിഞ്ഞദിവസം മുതല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് നിര്‍ബന്ധമാക്കിയിട്ടില്ല.
