ബിഡിജെസ്, കേരള കോൺഗ്രസ് പിന്തുണ സ്വീകരിക്കുന്ന കാര്യത്തിൽ തീരുമാനം ഇടതുമുന്നണിയുടേത്

തിരുവനന്തപുരം: സ്ഥാനാർഥിയെന്ന നിലയിൽ ആരുടേുയം വോട്ടു സ്വീകരിക്കുമെന്ന് ചെങ്ങന്നൂർ ഉപതരെഞ്ഞെടുപ്പിലെ ഇടതു സ്ഥനാർഥി സജി ചെറിയാൻ. ബിഡിജെസ് കേരള കോൺഗ്രസ് എന്നിവരുടെ പിന്തുണ സ്വീകരിക്കുന്ന കാര്യത്തിൽ ഇടതു മുന്നണിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും സജിചെറിയാൻ പറഞ്ഞു. തിരുവനന്തപുരത്തെത്തി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബിഡിജെഎസ് വോട്ട് വേണ്ടെന്ന് പറയില്ലെന്ന് സജി ചെറിയാന്‍ നേരത്തേ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബിഡിജെഎസുമായുള്ള സഹകരണം മറ്റൊരു വിഷയമാണെന്നും ഇക്കാര്യം പാര്‍ട്ടി നേതൃത്വമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും സജി ചെറിയാന്‍ പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. ഡി. വിജയകുമാറും ബിജെപി സ്ഥാനാര്‍ത്ഥിയായി പി എസ് ശ്രീധരന്‍പിള്ളയുമാണ് മത്സരിക്കുന്നത്. സിറ്റിംഗ് എംഎല്‍എ രാമചന്ദ്രനായരുടെ അകാലമരണത്തോടെയാണ് ഇവിടെ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

2016-ല്‍ ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലമാണ് ചെങ്ങന്നൂര്‍. അയ്യപ്പ സേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ വിജയകുമാര്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ ഹൈന്ദവ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനെ മുന്‍നിര്‍ത്തിയാണ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ ഇടത് മുന്നണി ശ്രമം.