Asianet News MalayalamAsianet News Malayalam

ബസ് ചാര്‍ജ്ജ് കൂട്ടാന്‍ എല്‍ഡിഎഫ് ശുപാര്‍ശ

ldf decides to hike bus fare
Author
First Published Feb 13, 2018, 4:34 PM IST

തിരുനന്തപുരം: സംസ്ഥാന ഉടന്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധന വരുന്നു. ഇത് സംബന്ധിച്ച് ഇന്ന് ചേര്‍ന്ന ഇടതു മുന്നണി യോഗത്തില്‍ തീരുമാനമായി. മിനിമം ചാര്‍ജ്ജ് ഇപ്പോഴുള്ള ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാക്കി ഉയര്‍ത്തും. ഫാസ്റ്റ് പാസഞ്ചറുകളിലും മിനിമം നിരക്ക് ഒരു രൂപ കൂട്ടി 11 രൂപയാക്കും. സിറ്റി ഫാസ്റ്റുകളിലെ നിരക്കും എട്ട് രൂപയാക്കും. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കിലും ആനുപാതികമായ വര്‍ദ്ധനവുണ്ടാകും. ടിക്കറ്റിന്റെ 25 ശതമാനമാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍. മുന്നണിയുടെ ശുപാര്‍ശ ലഭിച്ചതോടെ അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചാര്‍ജ് വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള തീരുമാനമെടുക്കും. ജനങ്ങളുടെ മേല്‍ അധികഭാരം പാടില്ലെന്നും മുന്നണി നേതൃത്വം  ആവശ്യപ്പെട്ടിട്ടുണ്ട്.

സൂപ്പർ എക്സ്പ്രസ് / എക്സിക്യൂട്ടീവ് ബസുകളില്‍ മിനിമം ചാര്‍ജ് 13ൽ നിന്ന് 15 രൂപയാക്കും. സെമി സ്ലീപ്പർ / സൂപ്പർ ഡിലക്സ് ബസുകളില്‍ ഇപ്പോഴുള്ള  20 രൂപയിൽ നിന്ന് 22 രൂപയാക്കിയാവും കൂട്ടുന്നത്. വോൾവോ ബസുകളില്‍ 45 രൂപയായിരിക്കും മിനിമം ചാര്‍ജ്ജ്. ഇപ്പോള്‍ ഇത് 40 രൂപയാണ്.

ബസ് ചര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് 16 മുതല്‍ അനിശ്ചിത കാല സമരത്തിന് ബസുടമകള്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്നാണ് ആവശ്യം. എന്നാല്‍ ചെറിയ വര്‍ദ്ധനവ് അനുവദിക്കാമെന്ന നിലപാടാണ് ഇന്ന് ഇടതുമുന്നണി യോഗത്തില്‍ തീരുമാനമായത്. മിനിമം ചാര്‍ജ്ജ് ഒരു രൂപ വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാറിന് ശുപാര്‍ശ നല്‍കിയിരിക്കുകയാണിപ്പോള്‍. 2014 മേയ് 19നാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്.

Follow Us:
Download App:
  • android
  • ios