പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്‍റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വിശദീകരിച്ചു.
തിരുവനന്തപുരം: ബാലകൃഷ്ണ പിള്ളയെയും വീരേന്ദ്രകുമാറിനെയും ഉള്‍പ്പെടുത്തി എല്‍ഡിഎഫ് വിപുലീകരിച്ചു. കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ എന്‍ എല്‍ എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരിച്ചത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്‍റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വിശദീകരിച്ചു.
എം പി വിരേന്ദ്രകുമാറിന്‍റെ ലോക് താന്ത്രിക് ജനതാദള്‍, ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബി, കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ ജനാധിപത്യ കേരള കോണ്‍ഗ്രസ്, നേരത്തേ ഇടതുമുന്നണിയിക്ക് പുറത്തുനിന്ന് പിന്തുണ നല്‍കിയിരുന്ന ഐഎന്‍എല്‍ എന്നീ പാര്‍ട്ടികളാണ് ഇനി എല്‍ഡിഎഫിന്‍റെ ഭാഗമാകുക. നിരവധി യോഗങ്ങള്‍ മുഖ്യമന്ത്രിയുമായി അടക്കം ഇവര്‍ നേരത്തേ നടത്തിയിരുന്നു. എന്നാല്‍ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നില്ല.
2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വീരേന്ദ്രകുമാറിന്‍റെ പാര്‍ട്ടി എല്‍ഡിഎഫ് വിട്ടത്. പിന്നീട് യുഡിഎഫുമായി സഹകരിച്ച ജെഡിയു പിന്നീട് യുഡിഎഫ് വിടുകയും ജനതാദളുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിക്കുകയുമായിരുന്നു. ജെഡിയു ദേശീയ അധ്യക്ഷന്‍ നിതീഷ് കുമാര്‍ ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതോടെയാണ് വീരേന്ദ്രകുമാര്‍ പുതിയ പാര്‍ട്ടിയുമായി രംഗത്തെത്തിയത്.
ഐഎന്‍എലിനെ സംബന്ധിച്ച് 25 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരാമമുണ്ടായിരിക്കുന്നത്. കാല്‍നൂറ്റാണ്ടായി എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരുകയായിരുന്നു ഐഎന്‍എല്‍. ന്യൂനപക്ഷങ്ങളെ കൂടി ഒപ്പം നിര്‍ത്തുക എന്നത് കൂടിയാണ് ഐഎന്‍എല്ലിനെ മുന്നണിയില്‍ എടുക്കുന്നത് വഴി എല്‍ഡിഎഫ് മുന്നില്‍ കാണുന്നത്. പഴയ സ്വാധീനമില്ലെങ്കിലും കാസർകോഡ് ലോക്സഭാ മണ്ഡലത്തിലും മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലും ഇവരുടെ നിലപാട് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
