Asianet News MalayalamAsianet News Malayalam

എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് വികസന പദ്ധതികളുടെ വേഗം കൂടി: മുഖ്യമന്ത്രി

ഏറ്റവും മികച്ച തീർത്ഥാടന കാലമായിരുന്നു ഇത്തവണ  ശബരിമലയിലേത്. തിരുപ്പതി വിമാനത്താവള മോഡലിൽ ശബരിമലയിൽ വിമാനത്താവളം നിർമ്മിക്കാനുള്ള നടപടികളിലേക്ക് സർക്കാർ  കടന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ldf government accelerated development projects in kerala: says Pinarayi
Author
Thiruvananthapuram, First Published Jan 24, 2019, 7:51 PM IST

തിരുവനന്തപുരം: ദേശീയപാത വികസനത്തിന് എൽ ഡി എഫ് സർക്കാരിന്‍റെ കാലത്ത് വേഗം കൂടിയെന്ന് മുഖ്യമന്ത്രി. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ ദേശീയ പാതയുടെ അവസ്ഥ വളരെ ശോചനീയമായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയെന്നും  പദ്ധതിക്കായുള്ള  സ്ഥലമേറ്റെടുപ്പ്  ഏറെക്കുറേ പൂർത്തിയായെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയോര - തീരദേശ ഹൈവേകൾക്കായി 10000 കോടി സംസ്ഥാനം കണ്ടെത്തിക്കഴിഞ്ഞു. കോവളം മുതൽ കാസർഗോഡ് വരെയുള്ള ജലപാത 2020ൽ യാഥാർഥ്യമാക്കും. 600 കിലോമീറ്റർ നീളുന്ന ജലപാത ടൂറിസം രംഗത്തിന് വലിയ കുതിപ്പേകുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു 

എന്നാൽ ഭൂമി ഏറ്റെടുക്കുന്നതിലെ സങ്കീർണ്ണതകൾ മൂലം അതിവേഗ റെയിൽപ്പാത പ്രായോഗികമല്ലെന്നും പിണറായി വ്യക്തമാക്കി. നിലവിലുള്ള റെയിൽ പാതയ്ക്ക് സമാന്തരമായി ഒരു സെമി ഹൈ-സ്പീഡ് പാത നിർമ്മിക്കാനുള്ള ചർച്ചകൾ റെയിൽവേയുമായി നടന്നുവരികയാണ്. കണ്ണൂർ വിമാനത്താവളത്തിന്‍റെ നിർമ്മാണം യുഡിഎഫിന്റെ ഭരണകാലത്ത് ഒച്ചിഴയും വേഗത്തിലായിരുന്നു. ഈ സർക്കാരാണ് നിർമ്മാണത്തിന്‍റെ ഏറിയ പങ്കും നടത്തിയതെന്നും പിണറായി പറഞ്ഞു.
 
ഏറ്റവും മികച്ച തീർത്ഥാടന കാലമായിരുന്നു ഇത്തവണ  ശബരിമലയിലേതേന്നും തിരുപ്പതി വിമാനത്താവള മോഡലിൽ ശബരിമലയിൽ വിമാനത്താവളം നിർമ്മിക്കാനുള്ള നടപടികളിലേക്ക് സർക്കാർ  കടന്നതായും പിണറായി വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ സ്വകാര്യവത്കരണ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയ മുഖ്യമന്ത്രി, വിമാനത്താവളം ലേലത്തിലൂടെ സർക്കാർ തന്നെ ഏറ്റെടുക്കുമെന്നും അറിയിച്ചു. പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കുമെന്നും, സർക്കാരിന്‍റെ വികസന നേട്ടങ്ങൾ   ജനങ്ങൾക്ക്  മുന്നിൽ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കരമന കളിയിക്കാവിള റോഡ് വികസനം രണ്ടാം ഘട്ട ഉദ്ഘാടനം  നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
 
 

Follow Us:
Download App:
  • android
  • ios