തിരുവനന്തപുരം: ഭൂമാഫിയയുടെ അശാസ്ത്രീയമായ മണ്ണെടുപ്പുകാരണം തകര്‍ന്ന ലീലാ ഗുലാത്തിയുടെ വീട് പണിയാന്‍ സഹായവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍. വീടിന്റെ അറ്റകുറ്റ പണിക്കും സംരക്ഷണ ഭിത്തി കെട്ടാനും 25 ലക്ഷം രൂപയാണ് അനുവദിച്ചത്. ഭൂമാഫിയ മണ്ണിടിച്ചത് കാരണം ഐഎസ് ഗുലാത്തിയുടെ ഭാര്യ ലീലാ ഗുലാത്തിതാമസിക്കുന്ന വീട് അപകടാവസ്ഥയിലായിരുന്നു. വീടിന് സര്‍ക്കാര്‍ ഇടപെട്ട് നിര്‍മ്മിച്ച നല്‍കിയ സംരക്ഷണ ഭിത്തിയും കഴിഞ്ഞ മഴക്ക് തകര്‍ന്ന് വീണിരുന്നു.

ഭൂമാഫിയ നിരന്തരം മണ്ണിടിച്ചതിനെ തുടര്‍ന്ന് മാസങ്ങളായി അപകടാവസ്ഥയിലാണ് അന്തരിച്ച സാമ്പത്തിക വിദഗ്ധന്‍ ഐഎസ് ഗുലാത്തിയുടെ വീട്. പൂമുഖവും മേല്‍കൂരയും തകര്‍ന്ന് വീണതിനെ തുടര്‍ന്ന് ഭാര്യ ലീലാ ഗുലാത്തി ഔട്ട് ഹൗസിലേക്ക് താമസം മാറിയിരുന്നു. സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് സംരക്ഷണ ഭിത്തി കെട്ടി നല്‍കിയെങ്കിലും മഴക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ മതില്‍ ഇടഞ്ഞു വീണു. 

എപ്പോള്‍ വേണമെങ്കിലും നിലം പൊത്താവുന്ന ഔട്ട് ഹൗസ് വിട്ട് മാറി താമസിക്കാന്‍ ലീലാ ഗുലാത്തി നിര്‍ബന്ധിതയായതോടെയാണ് വീണ്ടും സര്‍ക്കാര്‍ ഇടപെടല്‍. വീടിന്റെ പുനര്‍ നിര്‍മ്മാണത്തിനും ഭിത്തി പുതുക്കി പണിയുന്നതിനും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീഴാന്‍ കാരണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട്.