സർക്കാരിനെതിരെ വീണു കിട്ടിയ ആയുധം പോളിം​ഗ് സമയത്തിന് മുൻപേ പരമാവധി ഉപയോ​ഗിക്കാൻ യുഡിഎഫ് ബിജെപി നേതാക്കളെല്ലാം ഇന്ന് മുന്നിട്ടറിങ്ങിയിരുന്നു.

കോട്ടയം/ആലപ്പുഴ: തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടെ ഉപതിരഞ്ഞെടുപ്പിനിറങ്ങിയ എൽഡിഎഫ് ക്യാംപിന് അപ്രതീക്ഷ ആ​ഘാതമായി മാറിയിരിക്കുകയാണ് കോട്ടയത്തെ കെവിൻ വധം. വാരാപ്പുഴ കസ്റ്റഡി മരണം മുൻനിർത്തി അഭ്യന്തരവകുപ്പിന്റെ വീഴച്ചകൾ ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് വിഷയമാക്കാൻ ബിജെപിയും കോൺ​ഗ്രസും ശ്രമിച്ചിരുന്നു. എന്നാൽ ബിജെപി-കോൺ​ഗ്രസ് രഹസ്യബാന്ധവം ആരോപിച്ച് ഇതിനെ പ്രതിരോധിക്കാനാണ് എൽഡിഎഫ് ശ്രമിച്ചത്. എന്നാൽ വോട്ടെടുപ്പ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പുറത്തു വന്ന കെവിന്റെ മരണ വാർത്ത ചിത്രം മൊത്തത്തിൽ മാറ്റിമറിച്ചു.

കാണാതായ ചെറുപ്പക്കാരനെ കണ്ടെത്തുന്നതിൽ ​ഗാന്ധിന​ഗർ പോലീസിനുണ്ടായ വീഴ്ച്ച ഞായറാഴ്ച്ച തന്നെ ഏഷ്യനെറ്റ് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പുലർച്ചെ കിട്ടിയ പരാതിയിൽ വൈകുന്നേരം മാധ്യമങ്ങളും രാഷ്ട്രീയക്കാരും ഇടപെട്ട ശേഷമാണ് പോലീസ് അനങ്ങുന്നത്. തുടർന്ന് രാത്രി വൈകി കെവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിൽ ഉൾപ്പെട്ട നിശാലിനേയും കടത്തി കൊണ്ടു പോകാൻ ഉപയോ​ഗിച്ച കാറും പോലീസ് കണ്ടെടുത്തു. എന്നാൽ കെവിനെ സംഘത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന് നിശാൽ മൊഴി നൽകിയതോടെ രാത്രിയോടെ കെവിനെ കണ്ടുപിടിക്കാം എന്ന പ്രതീക്ഷയിലായിരുന്നു പോലീസ് എന്നാൽ തിങ്കളാഴ്ച്ച രാവിലെ കെവിന്റെ മരണവാർത്ത വന്നതോടെ കാര്യങ്ങൾ കൈവിട്ടു പോയി. പ്രതിരോധിക്കാനൊരു തുമ്പു പോലുമില്ലാത്ത വിധം പോലീസ് പ്രതിക്കൂട്ടിലായി. 

ചെങ്ങന്നൂരിലെ പോളിം​ഗ് 20 ശതമാനം കഴിഞ്ഞ ഘട്ടത്തിലാണ് കെവിന്റെ മരണവാർത്ത പുറത്തു വരുന്നത്. ഇതോടെ മാധ്യമശ്രദ്ധ മുഴുവൻ അതിലേക്ക് തിരിഞ്ഞു. കെവിന്റെ ഭാര്യയായ നീനയ്ക്കും ബന്ധുകൾക്കും പോലീസ് സ്റ്റേഷനിൽ നേരിടേണ്ടി വന്ന അവ​ഗണനയും ക്രൂരമായി പീഡിപ്പിച്ച ശേഷമാണ് കെവിനെ കൊന്നതെന്ന വാർത്തയും സമൂഹമാധ്യമങ്ങളിൽ വൻരോഷത്തിന് വഴിതുറന്നു. പ്രതികളിൽ ഡിവൈഎഫ്ഐയുടെ പ്രാദേശിക ഭാരവാഹികളും ഉണ്ടെന്ന വിവരം കൂടി വന്നതോടെ സർക്കാരും സിപിഎമ്മും പാടെ പ്രതിരോധത്തിലായി. 

കോട്ടയത്തുണ്ടായിരുന്ന കോൺ​ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ​ഗാന്ധിന​ഗർ പോലീസ് സ്റ്റേഷന് മുൻപിൽ കുത്തിയിരിപ്പ് സമരം തുടങ്ങി.ചെങ്ങന്നൂരിലുണ്ടായിരുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും അതിനോടകം കോട്ടയത്ത് എത്തി തിരുവഞ്ചൂരിനൊപ്പം സമരത്തിൽ പങ്കുചേർന്നു. ഇതിനിടയിൽ ബിജെപി, എസ്ഡിപിഐ, എഐവൈഎഫ്,സിഡിഎസ് പ്രവർത്തകരും മുദ്രാവാക്യം വിളികളുമായി ​ഗാന്ധിന​ഗർ സ്റ്റേഷന് മുൻപിലെത്തി. കനത്ത മഴയ്ക്കിടെ പലവട്ടം പോലീസും പാർട്ടി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. സ്ഥലം മാറ്റിയ കോട്ടയം എസ്പി അബ്ദുൾ റഫീഖിന് നേരെ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴങ്ങി, ഉന്തിനും തള്ളിനുമിടെ കൊടി കെട്ടിയ വടി അദ്ദേഹത്തിന്റെ ദേഹത്തു വീണു. 

കെവിൻ വധത്തിൽ പ്രതിഷേധിച്ച് കോട്ടയം ജില്ലയിൽ ഹർത്താൽ പ്രഖ്യാപിക്കുകയാണെന്ന് ബിജെപി അറിയിച്ചു. തൊട്ടുപിന്നാലെ തിരുവഞ്ചൂരിനോടും ഉമ്മൻചാണ്ടിയോടും കൂടിയാലോചിച്ച് രമേശ് ചെന്നിത്തല യുഡിഎഫ് ഹർത്താൽ നടത്തുന്നതായി അറിയിച്ചു. രണ്ട് റേഞ്ച് ഐജിമാരുടെ സംയുക്ത നേതൃത്വത്തിൽ അന്വേഷണസംഘത്തെ നിയോ​ഗിച്ചതായുള്ള ഡിജിപിയുടെ പ്രഖ്യാപനം പിന്നാലെയെത്തി. ആരോപണവിധേയരായ ​ഗാന്ധിന​ഗർ എസ്.ഐയേയും എ.എസ്.ഐയേയും സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവും ഇറങ്ങി. കൃത്യവിലോപം ചൂണ്ടിക്കാട്ടി കോട്ടയം എസ്പിയേയും അടിയന്തരമായി സ്ഥലംമാറ്റി. ഉച്ചയോടെ സമരം അവസാനിപ്പിക്കുന്നതായി തിരുവഞ്ചൂർ അറിയിച്ചു. നീനയേയും കെവിന്റെ പിതാവിനേയും കാണാനായി രമേശ് ചെന്നിത്തല കോട്ടയം മെഡിക്കൽ കോളേജിലേക്ക് തിരിച്ചു. കോൺ​ഗ്രസ് നേതാക്കൾ പോയപ്പോൾ എംടി രമേശിനെ കൊണ്ടു വന്ന് ബിജെപി തങ്ങളുടെ പ്രതിഷേധം ശക്തമാക്കി. 

ഇതേസമയം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി തന്റെ സുരക്ഷയുടെ ഉത്തരവാദിത്തം ​ഗാന്ധിന​​ഗർ എസ്.ഐയുടേതല്ല എന്ന് വ്യക്തമാക്കി. അധികം വൈകാതെ മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുള്ള ഉദ്യോ​ഗസ്ഥരുടെ ലിസ്റ്റിൽ ​ഗാന്ധിന​ഗർ എസ്.ഐയുടെ പേരുള്ള വിവരം ഏഷ്യനെറ്റ് ന്യൂസ് പുറത്തുവിട്ടു. കെവിൻ വധത്തിൽ ഡിവൈഎഫ്ഐയെ പ്രതിരോധിച്ചു കൊണ്ടുള്ള വിശദീകരണവുമായി എം.സ്വരാജ് എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റെും വൈകാതെ വന്നു. 

കൊല്ലപ്പെട്ട കെവിൻ സിപിഎം അനുഭാവിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ രജിസ്റ്റർ വിവാഹത്തിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തത് പ്രദേശത്തെ സിപിഎം നേതാക്കളായിരുന്നു എന്നുമായിരുന്നു സ്വരാജിന്റെ വാദം. കേസിൽ രണ്ട് പ്രതികൾ മാത്രമാണ് ഡിവൈഎഫ്ഐകാർ എന്നും പെൺകുട്ടിയുടെ ബന്ധുകൾ എന്ന നിലയിലാണ് ഇവർ കൃത്യം ചെയ്തതെന്നും ഇരുവരേയും സംഘടനയിൽ നിന്നും പുറത്താക്കിയെന്നും സ്വരാജ് വിശദീകരിച്ചു. കേസിലെ മുഖ്യആസൂത്രകനായ പെൺകുട്ടിയുടെ സഹോദരൻ കോൺ​ഗ്രസ് നേതാവാണെന്നും ‌സ്വരാജ് ആരോപിച്ചു.

കോട്ടയത്ത് ഇൗ വിധം സമരവും സംഘർഷവും അരങ്ങേറുമ്പോഴും ചെങ്ങന്നൂരിലും അതിന്റെ അലയൊലികളെത്തി. കെവിൻ വധത്തിന് പരമാവധി പ്രചാരം കൊടുക്കാൻ യുഡിഎഫും ബിജെപിയും രം​ഗത്തുണ്ടായിരുന്നു. ഫേസ്ബുക്കിലും വാട്സാപ്പിലും കൊലപാതകവുമായി ബന്ധപ്പെട്ട വാർത്തകളും ആരോപണങ്ങളും നിറഞ്ഞു. ചെങ്ങന്നൂരിന്റെ പലഭാ​ഗത്തും ഇതിനിടെ ടിവി സംപ്രേക്ഷണം തടസ്സപ്പെട്ടത് സിപിഎമ്മുകാരും എതിരാളികളും തമ്മിലുള്ള പോരിന് കാരണമായി. എൽഡിഎഫ് പ്രവർത്തകർ മനപൂർവ്വം കേബിൾ വയറുകൾ വിച്ഛേദിച്ചതാണെന്നായിരുന്നു യുഡിഎഫിന്റേയും ബിജെപിയുടേയും ആരോപണം. 

സർക്കാരിനെതിരെ വീണു കിട്ടിയ ആയുധം പോളിം​ഗ് സമയത്തിന് മുൻപേ പരമാവധി ഉപയോ​ഗിക്കാൻ യുഡിഎഫ് ബിജെപി നേതാക്കളെല്ലാം ഇന്ന് മുന്നിട്ടറിങ്ങിയിരുന്നു. ടിവി ചാനലുകളിലും ഫേസ്ബുക്കിലൂടേയുമായി പ്രധാന പ്രതിപക്ഷ നേതാക്കളെല്ലാം സർക്കാരിനെതിരെ വിമർശനവുമായി രം​ഗത്ത് വന്നു. വിമർശനങ്ങളുടെ ഒത്തനടുക്ക് സംസ്ഥാന മുഖ്യമന്ത്രിയും പോലീസുമായിരുന്നു. കെവിന്റെ മരണം ഭരണകൂടത്തിന്റെ വീഴ്ച്ച എന്നതിനോടൊപ്പം ജാതിവെറിയുടെ അനന്തരഫലമായും നവമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടു.... ഇതെല്ലാം കണ്ടും കേട്ടും അന്നേരവും ചെങ്ങന്നൂർകാർ പോളിം​ഗ് ബൂത്തിലേക്ക് നീങ്ങുന്നുണ്ടായിരുന്നു. റെക്കോർഡ് പോളിം​ഗിന്റെ സൂചന നൽകി നാല് മണിയോടെ പോളിം​ഗ് ശതമാനം 65 കടന്നു.... മികച്ച പോളിം​ഗിലൂടെ ജനം പറയാൻ ശ്രമിക്കുന്നത് എന്താവും എന്നത് തല്‍കാലം സസ്പെന്‍സ്.