കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്തു തുടങ്ങിയ ഹരിപ്പാട്, വയനാട് മെഡിക്കൽ കോളജുകളുടെ നിർമ്മാണത്തിനായി കൺസൾട്ടൻസി കരാർ നൽകിയതിൽ അഴിമതിയുണ്ടെന്നാണ് പ്രാഥമിക നിഗമനം. പദ്ധതി ചിലവിന്റെ 1.90 ശതമാനത്തിൽ കൂടുതൽ തുകക്ക് കൺസൾട്ടൻസി കരാർ നൽകരുതെന്ന് സർക്കാർ മാർഗനിർദേശമുണ്ട്. എന്നാൽ ഇത് പാലിക്കാതെ അടങ്കൽ തുകയുടെ 2.94 ശതമാനം മുന്നോട്ടുവച്ച കമ്പനിക്കാണ് മുൻ സർക്കാർ കരാർ നൽകിയത്.

ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായി ചുമതലയെടുത്തതിന് പിന്നാലെ ഈ കരാറിനെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിരുന്നു. പൊതുമരാമത്തിന്റെ വിജിലൻസ് വിഭാഗമാണ് അന്വേഷണം നടത്തുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെ കരാർ നൽകിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അറിവോടെയാണെന്ന് ജി സുധാകരന്‍ പറഞ്ഞു.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഹരിപ്പാട് മെഡിക്കൽ കോളജ് സംബന്ധിച്ച ദുരൂഹതകള്‍ ഒന്നൊന്നായി പരിശോധിക്കുകയാണ് ഇടതുമുന്നണിയും സര്‍ക്കാരും. അതേ സമയം മെ‍ഡിക്കല്‍ കോളേജ് ഇല്ലാതാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.