പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് ഭരണം എല്‍ഡിഎഫിന് നഷ്ടമായത്.  

തിരുവനന്തപുരം: മലയിൻകീഴ് ഗ്രാമപഞ്ചായത്തിൽ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. ലോക്താന്ത്രിക് ജനതാദളിന്‍റെ പ്രസിഡൻറ് സ്ഥാനവും നഷ്ടമായി. കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബിജെപി അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് ഭരണം നഷ്ടമായത്. യുഡിഎഫിന് 10ഉം എല്‍ഡിഎഫിന് 8ഉം ബിജെപിക്ക് 2ഉം എന്നിങ്ങനെയായിരുന്നു മലയിൻകീഴ് പഞ്ചായത്തിലെ കക്ഷി നില. 

പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ജെഡിയു അംഗമായിരുന്ന എസ്.ചന്ദ്രൻ നായ‍‍ർ എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു. ഇതോടെ എല്‍ഡിഎഫിനും യുഡിഎഫിനും 9 വീതം അഗങ്ങളായി. നറുക്കെടുപ്പിലൂടെ എല്‍ ഡി എഫിനൊപ്പം പോയ ചന്ദ്രൻ നായര്‍ പ്രസിഡന്‍റാവുകയും ചെയ്തു. തുടര്‍ന്ന് 2017ല്‍ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും ക്വാറം തികയാത്തിനാല്‍ പ്രസിഡൻറിനെതിരായ അവിശ്വാസം ചര്‍ച്ചക്കെടുത്തില്ല. 

എന്നാല്‍ വൈസ് പ്രസിഡൻറിനെതിരെയുള്ള അവിശ്വാസം പാസാവുകയും ബിജെപി പിന്തുണയോടെ യുഡിഎഫിലെ ആര്‍ സരോജിനി വൈസ് പ്രസിഡൻറ് ആവുകയും ചെയ്തു . അതിനുശേഷം അഴിമതി ആരോപണവും സ്വജനപക്ഷപാതവും ആരോപിച്ച് ജനുവരി 19ന് വീണ്ടും യുഡിഎഫ് പ്രസിഡൻറിനെതിരെ അവിശ്വാസ പ്രമേയത്തിന് കത്ത് നല്‍കി. ഇതിന്ന് ചര്‍ച്ചക്കെടുത്തപ്പോള്‍ യുഡിഎഫിലെ 9 അംഗങ്ങൾക്കൊപ്പം ബിജെപിയുടെ രണ്ടംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ഇതോടെ പ്രമേയം പാസായി. ചന്ദ്രൻ നായര്‍ക്ക് പ്രസിഡനറ് സ്ഥാനവും എല്‍ഡിഎഫിന് ഭരണവും നഷ്ടമായി.