വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള ഇടതു മുന്നണി സ്ഥാനാര്‍ഥിയെ ഇന്ന് തീരുമാനിക്കും. ഇതിനായി മലപ്പുറത്തു സി.പി എം സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങള്‍ ഇന്നു ചേരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 11മണിക്കാണ് സെക്രട്ടറിയേറ്റ് യോഗം. വേങ്ങര സ്ഥാനാര്‍ഥി നിര്‍ണയം തന്നെയാണ് യോഗത്തിന്റെ മുഖ്യ അജണ്ട.
ഒരു പൊതു സ്വതന്ത്രനെ സ്ഥാനര്‍ത്ഥിയാക്കാനായിരുന്നു സി.പി.എമ്മിന്റെ ശ്രമമെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഒരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ തന്നെ പരിഗണിക്കാനാണ് സാധ്യത. എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനുവിനാണ് മുന്‍ഗണന. കഴിഞ്ഞ തവണ വേങ്ങരയില്‍ മത്സരിച്ച പി.പി ബഷീറിന്റെ പേരും സജീവ പരിഗണനയിലുണ്ട്. സ്ഥാനാര്‍ത്ഥിയുടെ പേര് എല്‍.ഡി.എഫ് യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പ്രഖ്യാപിക്കാനാണ് സാധ്യത.
