300 സീറ്റുകള്‍ നേടുമെന്നായിരുന്നു ബി.ജെ.പി യു.പി അധ്യക്ഷന്‍ കേശവ് പ്രസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എക്‌സിറ്റ് പോളുകളെ കടത്തിവെട്ടുന്ന ഫലമായിരിക്കും യു.പി കാണാന്‍ പോവുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ അവകാശവാദം ശരിവെക്കുന്ന വാര്‍ത്തകളാണ് യു.പിയില്‍നിന്നും വരുന്നത്.
കോണ്‍ഗ്രസും എസ്പിയും ഒരുമിച്ചു നില്‍ക്കുകയും ബി.എസ്.പി ഒറ്റയ്ക്ക് മല്‍സരിക്കുകയും ചെയ്തതോടെ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ചിതറിപ്പോവുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. ഇതുതന്നെയാണ് സംഭവിച്ചത് എന്നാണ് പുറത്തുവന്ന സൂചനകള്‍ വ്യക്തമാക്കുന്നത്. അച്ഛന്‍ മകന്‍ ചക്കളത്തിപ്പോരിലൂടെ തുടക്കത്തിലേ പതറിയ എസ്.പി പിന്നീട് ട്രാക്കിലേക്ക് കയറിയെങ്കിലും ഇത് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നാണ് മനസ്സിലാവുന്നത്. കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ട് എസ്.പിക്ക് ഗുണം ചെയ്തില്ല എന്നു വേണം കരുതാന്‍. അഖിലേഷ് സര്‍ക്കാറിനെതിരായ ജനവികാരവും ബി.ജെ.പിക്ക് സഹായകമായിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. വര്‍ഗീയ പരാമര്‍ശങ്ങളിലൂടെ മതധ്രുവീകരണം സൃഷ്ടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളും വിജയം കണ്ടുവെന്നാണ് സൂചന.
