അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് അടിത്തറ വിപുലം ആക്കണം.
കോഴിക്കോട്: പി.വി അൻവറിന് മുന്നിൽ വാതിൽ അടയ്ക്കാതെ മുസ്ലീം ലീഗ്. അൻവർ ഒരു ഫാക്ടർ ആണെന്ന ബോധ്യം നിലമ്പൂർ ഉപ തെരഞ്ഞെടുപ്പിൽ വന്നിട്ടുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് അടിത്തറ വിപുലമാക്കണം. സമാന ചിന്ത ഗതിക്കാരെ ഉൾപെടുത്തേണ്ടത് ചർച്ച ചെയ്യണം. എല്ലാം പോസിറ്റീവ് ആയിക്കാണണമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും സ്വാഭാവികമായും കക്ഷി ബന്ധങ്ങളിൽ അനുകൂലമായ മാറ്റം ഉണ്ടാകും. ലീഗ് എല്ലാ കാര്യത്തിലും മുൻകൈ എടുക്കാറുണ്ട്. നിലമ്പൂർ ഇലക്ഷൻ ഫലത്തിന്‍റെ അടിസ്ഥാനത്തിൽ വേണം ഇനി കാര്യങ്ങൾ വിലയിരുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ അൻവർ ഉണ്ടായിരുന്നെങ്കിൽ എന്ന് ഇനി ആരും പറയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞത്.
ആ വാതിൽ അടച്ചു. അൻവറുമായിട്ടുള്ള എം കെ മുനീറിന്‍റെ ചർച്ചയെകുറിച്ചുള്ള ചോദ്യത്തിന് അതൊക്കെ ഓരോ വ്യക്തികളുടെയും വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും സതീശൻ പറഞ്ഞു. നല്ല ക്ലാരിറ്റിയുള്ള വ്യക്തിയാണ് എം കെ മുനീറെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു.


