ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്തതും സാംസ്കാരികമായി അധഃപതിച്ചതുമായ ഒരു പ്രവണതയാണിത്
തിരുവനന്തപുരം:മുതിർന്ന നാടക നടിയും മലയാളത്തിന്‍റെ അഭിമാനവുമായ നിലമ്പൂർ ആയിഷക്ക് നേരെ സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന നിന്ദ്യമായ സൈബർ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.. ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്തതും സാംസ്കാരികമായി അധഃപതിച്ചതുമായ ഒരു പ്രവണതയാണിത്. നിലമ്പൂർ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സ. എം. സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചതിന്‍റെ പേരിൽ, ഒരു മുതിർന്ന കലാകാരിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും തെറിവിളിക്കുന്നതും ഏറ്റവും ലജ്ജാകരമായ കാര്യമാണ്. ഇത് ഒരു ജനാധിപത്യ പ്രക്രിയയിൽ വിയോജിപ്പുകളെയും രാഷ്ട്രീയ നിലപാടുകളെയും ആരോഗ്യകരമായി സമീപിക്കാൻ കഴിയാത്തവരുടെ നിസ്സഹായതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണ്.
നിലമ്പൂർ ആയിഷ എന്ന വ്യക്തി നിതെറിവിളി കൊണ്ട് നിശബ്ദയാക്കാവുന്ന ഒരാളല്ല, കേരളത്തിന്‍റെ പോരാട്ടവീര്യത്തിന്‍റേയും പ്രതിരോധ ശേഷിയുടെയും പ്രതീകമാണ്. കാലങ്ങളായി പുരോഗമന പ്രസ്ഥാനങ്ങൾക്കൊപ്പം ഉറച്ചുനിന്ന അവരെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിക്കാൻ ശ്രമിക്കുന്നത് സൂര്യനെ കൈകൊണ്ട് മറയ്ക്കാൻ ശ്രമിക്കുന്നതിന് തുല്യമാണ്. വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ ഭാഷ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും വ്യക്തിപരമായ അധിക്ഷേപങ്ങൾ ഒരു രാഷ്ട്രീയ ചർച്ചയുടെ ഭാഗമല്ല എന്നതിനെക്കുറിച്ചും ഇത്തരം ആക്രമണങ്ങൾ നടത്തുന്നവർക്ക് യാതൊരു ധാരണയുമില്ലെന്ന് വ്യക്തം.
ഇത് കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന് തന്നെ കളങ്കമാണ്. നിലമ്പൂർ ആയിഷയോടുള്ള ഈ സൈബർ ആക്രമണങ്ങളെ കേരളം ഒറ്റക്കെട്ടായി തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു


