മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിലുണ്ടായ വന്‍ കുറവ് ലീഗ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. ലീഗിന് ഏറ്റവും വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ പതിനയ്യായിരത്തോളം വോട്ടുകളുടെ കുറവാണ് മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച ഭൂരിപക്ഷത്തിലുണ്ടായിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പില്‍ 23310 വോട്ടുകള്‍ക്കാണ് ലീഗ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദര്‍, സിപിഎമ്മിലെ പി പി ബഷീറിനെ തോല്‍പ്പിച്ചത്. അതേസമയം 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് 38237 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ 38057 വോട്ടുകളുടെ ഭൂരിപക്ഷവും കുഞ്ഞാലിക്കുട്ടി നേടിയിരുന്നു. ഈ സ്ഥാനത്താണ് ഭൂരിപക്ഷം 23310 ആയി കുറഞ്ഞത്. കെ എന്‍ എ ഖാദറിന് ആകെ ലഭിച്ചത് 65227 വോട്ടുകളാണ്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി 63138 വോട്ടുകളാണ് നേടിയത്. നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വര്‍ദ്ധനയുണ്ടായെങ്കിലും പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ മോശം പ്രകടനമാണ് ഉണ്ടായത്. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടി 72181 വോട്ടുകള്‍ നേടിയിരുന്നു.