കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ് അസ്ലമിന്‍റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. അനിഷ്‌ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി വടകര, നാദാപുരം മേഖലയില്‍ പത്ത് ദിവസത്തേയ്‌ക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വടകര, എടച്ചേരി, നാദാപുരം, വളയം, കുറ്റ്യാടി, തൊട്ടില്‍പ്പാലം, ചോമ്പാല എന്നീ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലാണ് നിരോധനാജ്ഞ. 

വെള്ളിയാഴ്ച വൈകുന്നേരമാണ് വടകരയില്‍ നിന്നും നാദാപുരത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അസ്‍ലമിന് നേരെ അക്രമമുണ്ടാകുന്നത്..അസ്‍ലം സഞ്ചരിച്ച ബൈക്കിനെ കാറില്‍ പിന്തുടര്‍ന്ന സംഘം, കക്കം പള്ളിക്കടുത്ത് വിജനമായ സ്ഥലത്ത് വെച്ച് വെട്ടുകയായിരുന്നു. അസ്‍ലമിന്റെ കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ അസ്‍ലം മരിച്ചു. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം.

എന്നാല്‍ ലീഗിന്റെ ആരോപണം സിപിഎം നിഷേധിച്ചു. അക്രമത്തെ തുടര്‍ന്ന് നാദാപുരം മേഖലയില്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്. കഴിഞ്ഞ വര്‍ഷം ഷിബിന്‍ വധത്തെ തുടര്‍ന്ന് വലിയ കലാപമാണ് നാദാപുരം മേഖലയിലുണ്ടായത്. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് പൊലീസിന്റെ നടപടികള്‍. ഷിബിന്‍ വധക്കേസില്‍ മൂന്നാം പ്രതിയായിരുന്നു അസ്‍ലം. രാഷ്‌ട്രീയ വിരോധമാണ് ഷിബിന്‍ വധത്തിന് കാരണമെന്ന പൊലീസ് കണ്ടെത്തില്‍ കോടതി തള്ളിക്കളയുകയും പ്രതികളെ വെറുതെ വിടുകയുമായിരുന്നു.