കോഴിക്കോട് കുറ്റ്യാടിയില്‍ ലീഗ്-പൊലീസ് കയ്യാങ്കളി. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പൊലീസിനെ ആക്രമിച്ചു. എസ്.ഡി.പി.ഐയുടെ മാര്‍ച്ചിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിന് കാരണമായത്. 

എസ്.ഡി.പി.ഐ.യുടെ രാഷ്‌ട്രീയ വിശദീകരണ പ്രചാരണ യാത്രയ്‌ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ലീഗ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. ഇത് പിന്നീട് കയ്യാങ്കളിയായി. കുറ്റ്യാടി വളയത്തെ ലീഗ് പ്രവര്‍ത്തകനായിരുന്ന നസീറുദ്ദീന്റെ കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്നും പ്രചരണ ജാഥയ്‌ക്ക് അനുമതി കൊടുക്കരുത് എന്നുമായിരുന്നു ലീഗ് നിലപാട്. റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ മാറ്റുന്നതിനിടയിലാണ് പൊലീസിന് നേരെ ആക്രമണമുണ്ടായത്. പൊലീസ് വാനും ജീപ്പും അടിച്ച് തകര്‍ത്ത് സമീപത്തെ വയലിലേക്ക് തള്ളി. പരിക്കേറ്റ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. 10 പൊലീസ് ഉദ്യോഗസ്ഥര്‍ നിസാര പരിക്കുകളോടെ ചികിത്സ തേടി.