തിരുവനന്തപുരം: സോളാർ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിന്മേൽ ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ തുടരന്വേഷണം ആകാമെന്ന് ജസ്റ്റിസ് അരിജിത് പസായത്തിന്റെ നിയമോപദേശം. സർക്കാറിന് ലഭിച്ച നിയമോപദേശം മറ്റന്നാൾ ചേരുന്ന മന്ത്രിസഭായോഗം ചർച്ച ചെയ്യും.
സോളാർ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിന്മേൽ ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ കൂട്ടത്തോടെ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചത് കഴിഞ്ഞ മാസം 11ന്. സാമ്പത്തിക തിരിമറിയിൽ വിജിലൻസ് അന്വേഷണവും പീഡിപ്പിച്ചെന്ന സരിതയുടെ പരാതിയിൽ ക്രിമിനൽ കേസും. രാജേഷ് ദിവാന്റെ നേതൃത്വത്തിൽ അന്വേഷണസംഘത്തെയും തീരുമാനിച്ചു. പക്ഷെ ഇതുവരെ ഉത്തരവിറങ്ങിയില്ല. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തുടരന്വേഷണം. എന്നാൽ ചില നിയമപ്രശ്നങ്ങൾ ഉയർന്ന് വന്നതോടെയാണ് സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് അരിജത് പസായത്തിൽ നിന്നും നിയമോപദേശം തേടിയത്. സരിതയുടെ പരാതിയിൽ നിലവിൽ അന്വേഷണം നടക്കുന്നതിനാല്‍ പുതിയ കേസെടുക്കാൻ കഴിയുമോ. കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ എങ്ങനെ പുനപരിശോധന നടത്തും തുടങ്ങിയവയാണ് സർക്കാർ ചോദിച്ചത്. സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളുമായി മുന്നോട്ടുപോകാമെന്നാണ് പസായത്തിൻറെ നിയമോപദേശം. മന്ത്രിസഭാ യോഗം നിയമോപദേശം ചർച്ച ചെയ്യും. അന്വേഷണം സംഘത്തെ നിയോഗിച്ചുള്ള ഉത്തരവ് അടക്കം പുറത്തിറക്കി തുടർനടപടികളുമായി സർക്കാറിന് ഇനി മുന്നോട്ട് പോകാം. പസായത്തിന്റെ നിയമോപദേശവും സർക്കാർ നടപടികളും വ്യാഴാഴ്ച സർക്കാർ നിയമസഭയുടെ മേശപ്പുറത്ത് വെക്കും.
