കെഎം ഷാജിയെ നിയമാസഭാംഗം അല്ലാതാക്കിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ നോട്ടീസയച്ചു. ഇത് സംബന്ധിച്ച് നിയമസഭാ സ്പീക്കർക്കും സെക്രട്ടറിക്കുമാണ് കെഎം ഷാജിയുടെ അഭിഭാഷകൻ ഹാരിസ് ബീരാൻ നോട്ടീസയച്ചത്.
തിരുവനന്തപുരം: കെഎം ഷാജിയെ നിയമാസഭാംഗം അല്ലാതാക്കിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ നോട്ടീസയച്ചു. ഇത് സംബന്ധിച്ച് നിയമസഭാ സ്പീക്കർക്കും സെക്രട്ടറിക്കുമാണ് കെഎം ഷാജിയുടെ അഭിഭാഷകൻ ഹാരിസ് ബീരാൻ നോട്ടീസയച്ചത്. നാളെ സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ഷാജി എത്തുമെന്നും നോട്ടീസില്‍ പറയുന്നു.
സഭയിൽ നാളെ മുതൽ തന്നെ ഹാജർ കണക്കാക്കണം. സുപ്രീം കോടതി ഉത്തരവ് അംഗീകരിച്ച് ഉടൻ ഉത്തരവ് ഇറക്കണം. ഇല്ലെങ്കിൽ വിഷയം സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്തും. ഇന്നത്തെ കോടതി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതമാണ് വക്കീല്‍ നോട്ടീസയിച്ചിരിക്കുന്നത്. കര്യത്തിന്‍റെ ഗൗരവം മനസിലാക്കി എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും സുപ്രിംകോടതി ഉത്തരവിന്‍റെ പകര്‍പ്പ് നോട്ടീസിനൊപ്പം അയക്കുന്നതായും അഭിഭാഷകന്‍ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.
ഷാജിയെ അയോഗ്യനാക്കിയ വിധിക്കുള്ള ഹൈക്കോടതിയുടെ സ്റ്റേ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിലായിരുന്നു നിയമസഭാ സെക്രട്ടറി കെഎം ഷാജി എംഎല്‍എ അല്ലാതായിരിക്കുന്നു എന്ന് കാണിച്ച് അറിയിപ്പിറക്കിയത്. ഹൈക്കോടതി അനുവദിച്ച സ്റ്റേ കാലാവധി കഴിഞ്ഞിട്ടും സുപ്രിംകോടതിയില്‍ കേസ് എത്താന്‍ വൈകിയതായിരുന്നു ഇതിന് കാരണം.
അതിനിടെയാണ് നിയമസഭാംഗത്വം റദ്ദാക്കിയതിന് ഉപാധികളോടെ സുപ്രിംകോടതി സ്റ്റേ അനുവദിച്ചത്. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഉപാധികളോടെ സ്റ്റേ അനുവദിക്കാമെന്ന് വ്യക്തമാക്കിയത്. നിയമസഭയില്‍ എത്താമെങ്കിലും വോട്ടെടുപ്പുകളില്‍ പങ്കെടുക്കാനാവില്ലെന്നതാണ് ഉപാധികളിലൊന്ന്. സമ്പൂർണ സ്റ്റേ വേണമെന്ന ഷാജിയുടെ ആവശ്യം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജനുവരിയിലാണ് ഇനി അപ്പീൽ പരിഗണിക്കുക. ഷാജിയുടെ അപ്പീലില്‍ തീരുമാനമെടുക്കുന്നത് വരെയാകും സ്റ്റേയുടെ കാലാവധി. എംഎല്‍എ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ ഷാജിക്ക് ഉണ്ടാവില്ലെന്നും കോടതി വിശദമാക്കി.
ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നായിരുന്നു കെ എം ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച ഇക്കാര്യം പരാമര്‍ശിച്ചപ്പോള്‍ സ്റ്റേ ആവശ്യം പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചിരുന്നു. അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരെയാണ് കെ എം ഷാജി സുപ്രീകോടതിയിലെത്തിയത് . ജസ്റ്റിസ് എ കെ സിക്രി, ജസ്റ്റിസ് അശോക് ഭൂഷണ്‍ , ജസ്റ്റിസ് എം ആര്‍ ഷാ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.
കഴിഞ്ഞ വ്യാഴാഴ്ച ഇക്കാര്യം പരാമര്‍ശിച്ചപ്പോള്‍ സ്റ്റേ ആവശ്യം പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചിരുന്നു. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെന്നും എന്നാൽ നിയസഭാംഗം എന്ന നിലയിലുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകില്ലെന്നും കോടതി വാക്കാൽ പരാമർശം നടത്തി. എന്നാൽ ഇത് രേഖാമൂലം നൽകിയില്ല. ഇതേ തുടര്‍ന്നാണ് ഷാജി എം എല്‍ എ അല്ലാതായി എന്ന് വ്യക്തമാക്കി നിയമസഭാ സെക്രട്ടറി അറിയിപ്പ് പുറത്തിറക്കിയത്. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സാങ്കേതികമായി ഇത് ശരിയാണെങ്കിലും നിയമസഭാ സെക്രട്ടറി അടക്കം രാഷ്ട്രീയം കളിച്ചുവെന്നും അയോഗ്യത കാണിക്കാന്‍ തിടുക്കം കൂട്ടി എന്നുമായിരുന്നു ആരോപണം.
