കോഴിക്കോട്: ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ മുടങ്ങിയത് കാരണം നൂറിലധികം പേരാണ് കോഴിക്കോട് മാത്രം കുടുങ്ങിക്കിടക്കുന്നത്. എപ്പോള്‍ യാത്ര പുനരാരംഭിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന് സാധിക്കാത്തതിനാല്‍ കുടുങ്ങിക്കിടക്കുന്നവര്‍ ആശങ്കയിലാണ്.
ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ ഗതാഗതം മുടങ്ങിയത് കാരണം 110 ദ്വീപ് നിവാസികളാണ് കോഴിക്കോട് മാത്രം കുടുങ്ങിയത്. കോഴിക്കോടും ബേപ്പൂരിലുമായി ലോഡ്ജുകളില്‍ കഴിയുകയാണ് ഇവര്‍. ഇവര്‍ക്കുള്ള ഭക്ഷണം ജില്ലാ ഭരണകൂടം നല്‍കുന്നുണ്ട്.
പഴങ്ങളും പച്ചക്കറികളും അടക്കമുള്ള ചരക്കുകള്‍ കയറ്റിയ കപ്പലാണ് നാല് ദിവസമായി ലക്ഷദ്വീപിലേക്ക് പുറപ്പെടാനാവാതെ കുടങ്ങിയിരിക്കുന്നത്. എത്രയും വേഗം കപ്പല്‍ പുറപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ പച്ചക്കറികള്‍ അടക്കമുള്ള ചരക്കുകള്‍ നശിക്കും. ദ്വീപീല് ക്ഷാമം നേരിടുമെന്നും നിവാസികള്‍ പറഞ്ഞു.
ഓഖി ചുഴിലിക്കാറ്റിനെ തുടര്‍ന്നുള്ള കടല്‍ക്ഷോഭം ശാന്തമാകാന്‍ രണ്ട് ദിവസംകൂടി എടുക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. എന്നാല്‍ അഞ്ചാം തീയതിക്ക് ശേഷമേ കപ്പല്‍ പുറപ്പെടുന്നത് സംബന്ധിച്ച് എന്തെങ്കിലും പറയാനാവൂ എന്നാണ് ലക്ഷദ്വീപ് ഷിപ്പിംഗ് അറിയിച്ചിരിക്കുന്നത്.
ഞായര്‍, തിങ്കല്‍ ദിവസങ്ങളില്‍ മലബാര്‍ മേഖലയില്‍ നിന്നുള്ള മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാറ്റിന്റെ ശക്തി കുറഞ്ഞാലും കടല്‍ക്ഷോഭം പൂര്‍ണ്ണമായും ശാന്തമാകില്ലെന്നും അതുകൊണ്ട് തന്നെ കടല്‍ത്തീരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി.
