വീട് വൃത്തിയാക്കാനായി എത്തിയപ്പോഴാണ് അതിഥികളെ കണ്ടത്.
നീലഗിരി: നീലഗിരിയിലെ പന്തല്ലൂരില്‍ തെയിലത്തോട്ടത്തിന് ചേർന്നാണ് കാണിയമ്മാളിന്‍റെ വീട്. കുറച്ചേറെ ദിവസമായി പൂട്ടികിടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാനെത്തിയ കാണിയമ്മാള്‍ തന്‍റെ വീട്ടിലെ അതിഥികളെ കണ്ട് ഞെട്ടി. ഒരാഴ്ചയോളം പ്രായമുള്ള ഒന്നല്ല രണ്ട് പുലിക്കുട്ടികള്‍.
വാർത്തയറിഞ്ഞവര്‍ ഫോറസ്റ്റ് ഓഫീസിലേക്ക് ഓടി. ഒടുവില്‍ വനപാലകരെത്തി വീട്ടിനകത്തും പുറത്തും ക്യാമറ വച്ച് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു. ഗ്രാമ വാസികളോട് രാത്രി പുറത്തിറങ്ങരുതെന്ന കാർശന നിർദ്ദേശവും നല്‍കി. അന്ന് വൈകീട്ട് തന്നെ പുലിയമ്മ വന്നു. തന്‍റെ കുഞ്ഞുങ്ങളെയും തേയിലത്തോട്ടത്തിലൂടെ നടന്ന് കാടുകയറി.
പന്തല്ലൂരിലെ മാങ്കോറഞ്ചിനു സമീപത്തെ ഒരാഴ്ചയായി പൂട്ടിക്കിടക്കുന്ന ചെമ്മണ്‍വയലിലുള്ള കാണിയമ്മാളിന്‍റെ വീട്ടിലാണ് പുലികുട്ടികളെത്തിയത്. തേയിലത്തോട്ടത്തിലെ പാടിയിലാണ് കാണിയമ്മാള്‍ ഇപ്പോള്‍ താമസിക്കുന്നത്. ആഴ്ചയിലൊരിക്കല്‍ പൂട്ടിക്കിടക്കുന്ന വീട് വൃത്തിയാക്കാനായി കാണിയമ്മാള്‍ വരും. അങ്ങനെ വീട് വൃത്തിയാക്കാനായി എത്തിയപ്പോഴാണ് അതിഥികളെ കണ്ടത്.
പുലി കുഞ്ഞുങ്ങളെയും കൊണ്ട് പോയശേഷമാണ് നാട്ടുകാർക്കും വനപാലകർക്കും സമാധാനമായത്. സാധാരണ ഗതിയില്‍ ഉള്‍ക്കാട്ടിലെ ഗുഹകളിലോ, പാറയിടുക്കുകളിലോയൊക്കെയാണ് പുലികള്‍ കുട്ടികളെ താമസിപ്പിക്കാറ്. എന്നാല്‍ ആള്‍പ്പെരുമാറ്റം ഇല്ലാതിരുന്നതിനാലാകാം പുലി കുട്ടികളെ വീട്ടിലെത്തിച്ചതെന്ന് വനപാലകര്‍ പറഞ്ഞു.
