ഭോപ്പാല്‍: ആറ് മണിക്കൂറിനിടെ രണ്ട് കുട്ടികളെ പുലി പിടിച്ച് കൊന്നുതിന്നതോടെ ഭീതിയിലാണ് മദ്ധ്യപ്രദേശിലെ ചിന്ദ്വാര ജില്ലക്കാര്‍. വ്യത്യസ്ഥ സ്ഥലങ്ങളില്‍ വീടിന് മുന്നില്‍ കളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന രണ്ട് കുട്ടികളെ കാണാതായതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ശരീര അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്. മദ്ധ്യപ്രദേശില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ അഞ്ച് കുട്ടികളെയാണ് പുലി കൊന്നുതിന്നത്.
വനാതിര്‍ത്തിയില്‍ താമസിക്കന്നവരാണ് ആശങ്കയോടെ ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. രണ്ട് കുട്ടികളെയും ഒരുപുലി തന്നെയാണോ കൊന്നതെന്ന കാര്യത്തിലും വ്യക്തതയില്ല. ബുധനാഴ്ച മാത്രമാണ് സംഭവത്തെക്കുറിച്ച് പുറംലോകം അറിഞ്ഞത്. മെഹ്‌ലിമാതാ ഗ്രാമത്തില്‍ വീടിനുമുന്നില്‍ കളിച്ചുകൊണ്ടുനില്‍ക്കുകയായിരുന്ന മൂന്ന് വയസുകാരിയെയാണ് ആദ്യം കാണാതായത്. മണിക്കൂറുകള്‍ക്ക് ശേഷം മൂന്ന് കിലോമീറ്റര്‍ അകലെ ഝോലിധാനാ ഗ്രാമത്തിലും വീടിന് പുറത്ത് നില്‍ക്കുകയായിരുന്ന പത്ത് വയസുകാരനെ കാണാതായി. വീടിന് പുറത്ത് നിന്നിരുന്ന കുട്ടിയുടെ ശബ്ദമൊന്നും കള്‍ക്കാതെ വന്നപ്പോള്‍ അമ്മ പുറത്തിറങ്ങി നോക്കുകയായിരുന്നു. വീടിന്റെ ചുവരില്‍ രക്തത്തുള്ളികള്‍ കണ്ടതോടെയാണ് നാട്ടുകാര്‍ കുട്ടിയെ അന്വേഷിക്കാന്‍ തുടങ്ങിയത്. തിങ്കളാഴ്ച രാവിലെ 10 വയസുകാരന്റെ മൃതദേഹം പുലി തിന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തി. ഒരു ദിവസം കൂടി കഴിഞ്ഞ് ചൊവ്വാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹവും സമാനമായ അവസ്ഥയില്‍ കണ്ടെത്തിയത്.
പകല്‍ സമയത്ത് തന്നെ കുട്ടികളെ പുലി പിടിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. പുലിയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി സംസ്ഥാന വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.
