തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനപ്രസംഗത്തിനിടെ ഉറങ്ങിയ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി എംഎല്‍എയെ ബിബിസിയിലെടുത്തു. എല്‍ദോയ്ക്കെതിരായ ട്രോളുകളാണ് ബിബിസിയുടെ മോസ്റ്റ് ട്രെന്‍ഡിംഗ് വിഭാഗത്തിലൂടെ ലോകശ്രദ്ധയിലെത്തിയത്. സംസ്ഥാനനിയമസഭയിൽ ഭരണപ്രതിപക്ഷഭേദമില്ലാതെ അംഗങ്ങൾ ഉറങ്ങാറുണ്ടെങ്കിലും ഇതാദ്യമായാണ് ഉറക്കക്കാരെ ലോകം മുഴുവൻ പരിഹസിക്കുന്നത്. നിയമസഭയിലെ കന്നിക്കാരനായ എൽദോസ് കുന്നപ്പിള്ളിയെ ട്രോളിറക്കി സോഷ്യൽമീഡിയ കൊല്ലുന്നതിനിടെയാണ് സംഭവം ബിബിസിയും വാർത്തയാക്കിയിരിക്കുന്നത്.

ജൂൺ 24ന് നിയമസഭയിൽ ഗവർണർ പി സദാശിവം പ്രസംഗിക്കുന്നതിനിടെയാണ് എൽദോസ് കുന്നപ്പിള്ളിയടക്കം ചില എംഎൽഎമാർ ഉറങ്ങിയത്. ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടതോടെ, സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇന്ത്യയൊട്ടാകെ ചർച്ചയായ എൽദോയുടെ 'ഉറക്ക ട്രോൾ' ഇപ്പോൾ ബിബിസിയുടെ ഏറ്റവും ചർച്ചചെയ്യപ്പെടുന്ന സംഭവങ്ങളുടെ വിഭാഗത്തിലുമെത്തി. പതിനായിരങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ പരാമർശിക്കുന്നതിനിടെ നിയമസഭയിലിരുന്ന് ഉറങ്ങാമോയെന്നാണ് ബബിസി ഉന്നയിക്കുന്ന പ്രധാനചോദ്യം.

ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയതെന്ന് സഹപ്രവർത്തകനെ ന്യായീകരിച്ച വി ടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റും ബിബിസി വിട്ടുകളഞ്ഞിട്ടില്ല.മന്ത്രിമാരായ തോമസ് ഐസകും മേഴ്സിക്കുട്ടിയമ്മയുമടക്കമുള്ള എംഎൽഎമാർ ഉറങ്ങുമ്പോൾ എൽദോയെ മാത്രം സൈബർ സഖാക്കൾ വളഞ്ഞിട്ടാക്രമിക്കുന്നെന്നായിരുന്നു ചില കോൺഗ്രസ് നേതാക്കളുടെ പരാതി.

പക്ഷേ, തോമസ് ഐസക് അടക്കമുള്ള മന്ത്രിമാരും ഉമ്മൻചാണ്ടിയും ആര്യാടൻ മുഹമ്മദും തിരുവഞ്ചൂരുമൊക്കെ ഉറങ്ങുന്നതും ബിബിസി തപ്പിയെടുത്തിട്ടുണ്ട്.. ആരും മോശമല്ലെ ന്ന അടിക്കുറിപ്പോടെ, കേരളത്തിൽ മാത്രമല്ല ബ്രിട്ടനിലായാലും പ്രസംഗം ബോറായാൽ പാർലമെന്റംഗങ്ങൾ ഉറങ്ങുമെന്ന് പറഞ്ഞാണ് ബിബിസിയുടെ റിപ്പോർട്ട് അവസാനിക്കുന്നത്.

ബിബിസിയുടെ വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക