കാസര്‍ഗോഡ്: വിമോചന സമരം തെറ്റായിരുന്നുവെന്നും അത് സംഭവിച്ചതില്‍ ഖേദിക്കുന്നുണ്ടെന്നും തുറന്ന് പറഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും മുന്‍ മഹാരാഷ്ട്ര ഗവര്‍ണറുമായ കെ. ശങ്കരനാരായണന്‍. ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുത്ത ഒരു ഗവണ്‍മെന്റിനെ ജനാധിപത്യ സംവിധാനത്തില്‍ കൂടിതന്നെ പുറത്താക്കണം. എന്നാല്‍ 1959 ലെ വിമോചനസമരത്തില്‍ സംഭവിച്ചത് അങ്ങനെയല്ല. അതിനെകുറിച്ച് ഖേദിക്കുന്നവരുണ്ട്. എല്ലാം ചെയ്ത് കഴിഞ്ഞ് പതിനാറടിയന്തിരവും കഴിഞ്ഞ് ഖേദിക്കുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും ശങ്കരനാരായണന്‍ പറഞ്ഞു.

ഇന്ത്യയില്‍ ഇടതുപക്ഷപ്രസ്ഥാനം വളരണമെന്നാണ് എന്റെ അഭിപ്രായം. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു. അത് കേണ്‍ഗ്രസിനും നല്ലതാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും നല്ലതാണ്. കാസര്‍ഗോഡ് നടന്ന, കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.ദാമോദരന്റെ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ.ശങ്കരനാരായണന്‍.