തൃശൂര്‍: വടക്കേക്കാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷമീറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ആര്‍.എസ്.എസ് - ബി.ജെപി പ്രവര്‍ത്തകരും വടക്കേക്കാട് സ്വദേശികളുമായ ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍, ബാബു, അഭിലാഷ്, സുനില്‍, സജയന്‍, ഉള്‍പ്പടെ പതിനൊന്ന് പേര്‍ക്കാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

രണ്ടാം പ്രതി കേസിന്‍റെ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. പ്രതികള്‍ ഒരോരുത്തരും ഇരുപത്തി അയ്യായിരം രൂപ വീതം പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു. പി‍ഴ സംഖ്യയില്‍ രണ്ട് ലക്ഷം രൂപ കൊല്ലപ്പെട്ട ഷെമീറിന്‍റെ ഉമ്മയ്ക്ക് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

2005 ജനുവരി പതിനെട്ടിനാണ് വടക്കേക്കാട് മണികണ്ഠേശ്വരം ക്ഷേത്രത്തിനു സമീപത്തുവച്ച് ഷെമീര്‍ കൊല്ലപ്പെട്ടത്. തൊണ്ണൂറ്റിരണ്ട് സാക്ഷികളാണ് കേസില്‍ ഹാജരായത്. നൂറ്റി ഇരുപത്തിയാറ് രേഖകളും നാല്‍പ്പത്തിയഞ്ച് തൊണ്ടി മുതലുകളും തെളിവായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.