തിരുവനന്തപുരം: 'ഭൂരഹിതരില്ലാത്ത കേരളം' പദ്ധയിലെ ഗുണഭോക്താക്കള്‍ പെരുവഴിയില്‍. യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയിലെ ആളുകള്‍ക്കാണ് ഇപ്പോഴും ഭൂമി ലഭിക്കാതെ പെരുവഴിലായത്. അതേസമയം മൂന്ന് സെന്‍റിന്‍റെ പട്ടയം ലഭിച്ചെന്ന് കാണിച്ച് ഇവരെ ഇപ്പോഴത്തെ സര്‍ക്കാരിന്‍റെ 'ലൈഫ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയില്ല. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പട്ടയം ലഭിച്ച 16,962 പേരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തത്. 

2013 ല്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ രണ്ട് ഘട്ടങ്ങളിലായാണ് 44612 പേര്‍ക്കാണ് പട്ടയം നല്‍കിയത്. എന്നാല്‍ ഇതില്‍ ഭൂമി കിട്ടിയത് 27686 പേര്‍ക്കാണ്. ഇതില്‍ വാസയോഗ്യമല്ലാത്ത ഭൂമിയാണ് പലര്‍ക്കും ലഭിച്ചതെന്ന് പരാതിക്കാര്‍ പറയുന്നു. നേത്തെ പട്ടയം ലഭിച്ച ഭൂമി ലഭിക്കാനായി നിരവധി തവണ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം പട്ടയ ഭൂമിയില്‍ ഗുരുതരമായ നിയമകുരുക്കുള്ളതിനാല്‍ ഭൂമി കൈമാറാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റവന്യൂവകുപ്പിന്‍റെ കണ്ടെത്തല്‍. 

2014 ലാണ് മൂന്ന് സെന്‍റ് സ്ഥലം നല്‍കാമെന്ന് തീരുമാനത്തില്‍ ഇവര്‍ക്ക് പട്ടയം നല്‍കിയത്. ഇക്കാര്യം നിലനിര്‍ത്തിയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ഭവനപദ്ധതിയായ ലൈഫില്‍ ഇവരെ ഉള്‍പ്പെടുത്താത്. എന്നാല്‍ അര്‍ഹതപ്പെട്ടിട്ടും ഇപ്പോഴും ഭൂമി ലഭിക്കാത്തവരെയാണ് ഈ സര്‍ക്കാരും തള്ളിയത്. 

അതേ സമയം ഭൂമി ലഭിക്കാത്ത ആളുകള്‍ക്ക് ഭൂമി നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. പട്ടയം കിട്ടിയിട്ടും ഭൂമി കിട്ടാത്തവര്‍ക്ക് ഇനിയും അപേക്ഷിക്കാമെന്നും മന്ത്രി വ്യക്തമാക്കി. വാസയോഗ്യമല്ലാത്ത ഭൂമി കണ്ടെത്താനുള്ള നടപടികള്‍ തുടുരുന്നുവെന്നും മന്ത്രി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.