വത്തിക്കാന്‍: കുര്‍ബാനയില്‍ പ്രാര്‍ത്ഥിക്കുന്ന ഹൃദയങ്ങളാണ് ഉയരേണ്ടത് അല്ലാതെ മൊബൈല്‍ ഫോണുകളല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമന്‍ കത്തോലിക്കാ ആചാരപ്രകാരമുള്ള കുര്‍ബാനയ്ക്കിടെ വിശ്വാസികളെ കൂടാതെ വൈദികരും ബിഷപ്പുമാരും മൊബൈലില്‍ ചിത്രങ്ങള്‍ എടുക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മാര്‍പാപ്പയുടെ വിമര്‍ശനം. സെന്റ് പീറ്റേര്‍സ് സ്വയറില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രാര്‍ത്ഥനാ മധ്യേയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് സംസാരിച്ചത്. 

പ്രാര്‍ത്ഥനയിലേക്കും ദൈവത്തിലേയ്ക്കും കൂടുതല്‍ ശ്രദ്ധിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. കുര്‍ബാന സമയത്തുള്ള മൊബൈല്‍ ഫോണിലെ ചിത്രമെടുപ്പ് അത്ര നല്ല കാര്യമല്ലെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി. വിശ്വാസികളെ കൂടാതെ ബിഷപ്പുമാരും ഈ പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നതായി കാണുന്നത് വേദന നല്‍കുന്ന അനുഭവമാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. കുര്‍ബാന വെറുമൊരു കാണിച്ചുകൂട്ടല്‍ മാത്രമല്ലെന്ന് മാര്‍പാപ്പ ഓര്‍മപ്പെടുത്തി. നോരത്തെ വൈദികരും ബിഷപ്പുമാരും വിലയേറിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനെയും മാര്‍പാപ്പ വിമര്‍ശിച്ചിരുന്നു.