ജിന്നയുടെ ചിത്രം തൂക്കിയതിനെക്കുറിച്ച് സ്വതന്ത്ര ഇന്ത്യയിൽ ചര്‍ച്ച നടത്തി അന്തരീക്ഷം മോശമാക്കാനാണ് ശ്രമം. ഹിഡൻ അജണ്ടയും ചരിത്ര നിഷേധവും ഇതിന് പിന്നിലുണ്ട്.  

ദില്ലി: ബാബരി മസ്ജിദിനെപ്പോലെ അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയും തകര്‍ക്കാൻ ശ്രമമെന്ന് അലിഗഡ് മുസ്ലിം സര്‍വ്വകലാശാല മുൻ വൈസ് ചാൻസിലറും മലയാളിയുമായ പി കെ അബ്ദുൾ അസീസ്.അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയൻ ഓഫീസിൽ പാകിസ്ഥാന്‍റെ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ ചിത്രം തൂക്കിയതിനെതിരായ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരുടെ പ്രതിഷേധം അനാവശ്യവും അനവസരത്തിലുമുള്ളതാണെന്നും അബ്ദുള്‍ അസീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. (പി കെ അബ്ദുൾ അസീസുമായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മുഹമ്മദ് കൗസര്‍ ടെലിഫോണിൽ നടത്തിയ അഭിമുഖത്തില്‍ നിന്ന്).

സ്വാതന്ത്ര്യസമരത്തിൽ മുന്നണിപ്പോരാളികളിലൊരാളായിരുന്നു മുഹമ്മദലി ജിന്നയും. ഗാന്ധി, നെഹ്‍റു, പട്ടേൽ, അബ്ദുൾ കലാം ആസാദ് എന്നിവര്‍ക്കൊപ്പം മുഹമ്മദലി ജിന്നയും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു. ഗാന്ധിജിയുടെ ഒരു വശത്ത് നെഹ്റുവും മറുവശത്ത് ജിന്നയുമുണ്ടായിരുന്നു. 1920ൽ അലിഗഡ് സര്‍വ്വകലാശാല സ്ഥാപിച്ചപ്പോൾ ഫൗണ്ടര്‍ കോര്‍ട്ട് അംഗമായിരുന്നു മുഹമ്മദലി ജിന്ന.

ബാബരി മസ്ജിദ് പോലെ അലിഗഡ് സര്‍വ്വകലാശാലയും തകര്‍ക്കാൻ ഉദ്ദേശ്യമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വാതന്ത്ര്യസമര കേന്ദ്രമായിരുന്ന അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയുടെ സ്വയം ഭരണാവകാശത്തിൻമേലുള്ള കടന്നുകയറ്റമാണ് ഇപ്പോഴത്തെ പ്രതിഷേധം.

(2007 ജൂൺ 11 മുതൽ 2012 ജനുവരി 17 വരെ അലിഗഡ് സര്‍വ്വകലാശാല വൈസ് ചാൻസിലറായിരുന്ന ഡോക്ടര്‍ പി കെ അബ്ദുൾ അസീസ് ഇപ്പോൾ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ മറൈൻ സയൻസിൽ എമിറിറ്റസ് പ്രോഫസറാണ്)