കാണികള്‍ക്കൊപ്പമുണ്ടായിരുന്ന നാലു വയസുകാരിയെ ആക്രമിച്ച് സര്‍ക്കസിലെ സിംഹം. മുന്‍നിരയില്‍ ഉണ്ടായിരുന്ന കാണികളില്‍ ഒരാളുടെ ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെയാണ് സിംഹം ആക്രമിച്ചത്

മോസ്കോ: കാണികള്‍ക്കൊപ്പമുണ്ടായിരുന്ന നാലു വയസുകാരിയെ ആക്രമിച്ച് സര്‍ക്കസിലെ സിംഹം. മുന്‍നിരയില്‍ ഉണ്ടായിരുന്ന കാണികളില്‍ ഒരാളുടെ ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെയാണ് സിംഹം ആക്രമിച്ചത്. വലയിട്ട റിങ്ങില്‍ ആയിരുന്നു സിംഹത്തിനെ ഉപയോഗിച്ചുള്ള പ്രകടനം. പ്രകടനം അവസാനിക്കാറായതോടെയാണ് സിംഹം അക്രമകാരിയായത്. സിംഹത്തിന്റെ ആക്രമണത്തില്‍ കുഞ്ഞിന് ഗുരുതര പരിക്കേറ്റു. 

വലയ്ക്കിടയിലൂടെ കൈകള്‍ ഇട്ട് സിഹം കുഞ്ഞിനെ പിടിക്കുകയായിരുന്നു. റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ നിന്ന് 1250 കിലോമീറ്റര്‍ അകലെയുള്ള ക്രാസ്നോദാര്‍ ഗ്രാമത്തിലെത്തിയ സര്‍ക്കസിനിടെയാണ് അപകടം. സര്‍ക്കസ് നടത്തുന്നതിനായുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് അപകടകാരണമായി വിലയിരുത്തുന്നത്. കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകമായി നടത്തിയ പ്രകടനത്തിനിടെയാണ് അപകടം നടന്നത്. 

സിംഹത്തെ കണ്ട് കുട്ടി വലയ്ക്ക് അരികിലേക്ക് പോവുകയായിരുന്നു. വലയുണ്ടായിരുന്നത് മൂലമാണ് കുട്ടിയുടെ ജീവന്‍ രക്ഷപ്പെട്ടതെന്ന് കാണികള്‍ വിശദമാക്കുന്നു. സിംഹത്തിന് കുഞ്ഞിനെ കടിക്കാന്‍ സാധിച്ചില്ല, കൈകള്‍ ഉപയോഗിച്ചുള്ള ആക്രമണമായിരുന്നുവെന്നും കാണികള്‍ പറയുന്നു. സിംഹത്തിന്റെ പരിശീലകനെതിരെയും സര്‍ക്കസ് ഉടമയ്ക്കെതിരെയും ഗുരുതര കൃത്യവിലോപത്തിന് കേസ് എടുത്തിട്ടുണ്ട്. 2016 ല്‍ സൈബീരിയയില്‍ സര്‍ക്കസിനിടെ പുലി ഒരു സ്ത്രീയെ കടിച്ച് കുടഞ്ഞിരുന്നു.