തിരുവനന്തപുരം: സുപ്രീം കോടതി ഉത്തരവിന് പിന്നാലെ പാതയോരത്തെ ബെവ്കോ ഔട്ട്‍ലേറ്റുകളും ഹോട്ടലുകളിലെയും ക്ലബ്ബുകളിലെയും ബാറുകളും സര്‍ക്കാര്‍ പൂട്ടി സീല്‍ ചെയ്ത് തുടങ്ങി.കോടതി ഉത്തരവ് വ്യാജ മദ്യത്തിന്റെ ഒഴുക്കുണ്ടാക്കുമോ എന്ന ആശങ്കയുണ്ടെന്ന് എക്‌സൈസിന്റെ ചുമതലയുള്ള മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.​

രാവിലെ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലുകളിലെയും ക്ലബുകളിലെയും ബാറുകള്‍ പൂട്ടി സീല്‍ ചെയ്തു. 207 ബെവ്കോ ഔട്ട്‍ലെറ്റുകള്‍ പൂട്ടാന്‍ ഇന്നലെ തന്നെ നോട്ടീസ് നല്‍കി. 18 ക്ലബുകളും 11 ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ബാറുകളും 586 ബീ‍ര്‍-വൈന്‍ പാര്‍ലറുകളും 1132 കള്ള് ഷാപ്പുകളുമാണ് പൂട്ടേണ്ടത്. ട്രിവാന്‍ഡ്രം ക്ലബ്, ശ്രീമൂലം ക്ലബ് ടെന്നീസ് ക്ലബ്, നാഷനല്‍ ക്ലബ് അടക്കം തലസ്ഥാന നഗരത്തിലെ നാലു ക്ലബുകളിലെയും ബാറുകള്‍ പൂട്ടി.

ടൂറിസം മേഖലയില്‍ ഫോര്‍-ത്രീ സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കി പുതിയ മദ്യനയം പ്രഖ്യാപിക്കാനൊരുങ്ങുന്ന സര്‍ക്കാറിന് കോടതി വിധി കടുത്ത തിരിച്ചടിയായി. ബാറുടമകളില്‍ നിന്നും സര്‍ക്കാര്‍ മുന്‍കൂറായി വാങ്ങിയ ലൈസന്‍സ് തുക തിരിച്ചുനല്‍കുന്നതിനെ കുറിച്ചുള്ള ചര്‍ച്ച തുടങ്ങി പൂട്ടിയ ഔട്ട് ലെറ്റുകള്‍ മാറ്റിസ്ഥാപിക്കലാണ് സര്‍ക്കാറിന് മുന്നിലെ വലിയതലവേദന.

വന്‍ ജനരോഷം മൂലം 46 എണ്ണം മാത്രമാണ് ഇതുവരെ മാറ്റിയത്. ബാക്കി എങ്ങിനെ മാറ്റുമെന്നാണ് ആശങ്ക. പ്രതിസന്ധി മറിടക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാണ് ബാറുടമകളുടെ ആവശ്യം. കോടതി വിധി മൂലം തൊഴിലാളികള്‍ക്ക് ജോലി നഷ്‌ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാറുമായി ചര്‍ച്ച ചെയ്യാനാണ് ബാര്‍-ക്ലബ് ഉടമകളുടെ നീക്കം