ആലപ്പുഴ:ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായ് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന സാക്ഷരത പരിപാടി 'ചങ്ങാതിയില്‍' പങ്കെടുക്കുന്നത് 275 പേര്‍.'ചങ്ങാതി'യില്‍ പങ്കെടുക്കുന്നതിന് 296 പേരെ സര്‍വ്വേയിലൂടെ കണ്ടെത്തിയിരുന്നു. എന്നാല്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പ്രയോജനം ലഭിക്കുക മണ്ണഞ്ചേരി പഞ്ചായത്തില്‍ താമസക്കാരായവര്‍ക്ക് മാത്രമാണ്. 296 പേരില്‍ 21 പേര്‍ മണ്ണഞ്ചേരിയില്‍ ജോലിക്കായി മാത്രം വരുന്നവരാണ്.
ചേര്‍ത്തല എസ്.എന്‍. കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളന്റിയേഴ്‌സാണ് മണ്ണഞ്ചേരി പഞ്ചായത്തിലെ 23 വാര്‍ഡുകളിലായി സര്‍വ്വേ പൂര്‍ത്തിയാക്കിയത്. ഇതിനായി മൂന്ന് ദിവസമാണെടുത്തത്. പ്രോഗ്രാം ഓഫീസര്‍ ഡോ.ധന്യ സേതുനാരായണന്റെ നേതൃത്വത്തിലാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചത്. ഇതേതുടര്‍ന്ന് സാക്ഷരതാ മിഷന് റിപ്പോട്ട് സമര്‍പ്പിച്ചിരുന്നു.

ഫയല്‍ ചിത്രം
'ചങ്ങാതി'യുടെ പ്രയോജനം ലഭിക്കുന്ന 275 പേര്‍ക്കായി 19 പഠനകേന്ദ്രങ്ങളാണ് ഒരുങ്ങുന്നത്. നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളന്റിയേഴ്‌സായിരിക്കും പഠനകേന്ദ്രങ്ങളില്‍ ഇന്‍സ്ട്രക്റ്റര്‍മാരായി പ്രവര്‍ത്തിക്കുന്നത്. അഞ്ചുമാസം കൊണ്ട് 100 മണിക്കൂര്‍ ക്ലാസുകള്‍ നടത്തും. തൊഴിലാളികളുടെ സൗകര്യാര്‍ത്ഥം തൊഴിലിടങ്ങളിലും താമസസ്ഥലത്തും ക്ലാസുകള്‍ നടത്തും.
ജൂണ്‍ 10 ന് പൊതു പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 'ഹമാരി മലയാളം' എന്ന പാഠാവലിയാണ് ക്ലാസുകള്‍ക്ക് ഉപയോഗിക്കുക. പഠനകേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്ട്രക്ട്രര്‍മാര്‍ക്കുള്ള പരിശീലനം 26 ന് നടക്കും. ബീഹാര്‍ സ്വദേശികളാണ് 'ചങ്ങാതി'യില്‍ ഭൂരിപക്ഷം. ബീഹാറില്‍ നിന്ന് 177 പേരും പഞ്ചാബില്‍ നിന്ന് ഒരാളുമാണുള്ളത്. പത്താം ക്ലാസിന് മുകളില്‍ വിദ്യാഭ്യാസം ഉള്ളവര്‍ 54 പേരാണ്.
