ബെയ്ജിങ്: നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുളള ചൈനീസ് ക്രൈം നോവലിസ്റ്റ് കൊലപാതക കേസില്‍ അറസ്റ്റില്‍. കൊലപാതകിയായ എഴുത്തുകാരനെക്കുറിച്ചുള്ള പുസ്തകം എഴുതിക്കൊണ്ടിരുന്നതിനിടെയാണ് ചൈനീസ് എഴുത്തുകാരന്‍ ലിയു യോംഗ്ബിയോയെ പോലീസ് കൊലക്കേസിൽ അറസ്റ്റ് ചെയ്തത്.
1995-ൽ നടത്തിയ നാല് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് ലിയുനെ ഇപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22 വർഷമായി കൊലയാളിയെ കണ്ടെത്താനാകാതെ പൊലീസിനെ കുഴക്കിയ കേസിലാണ് ഒടുവില്‍ നാടകീയ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് അമ്പത്തിമൂന്നുകാരനായ ലിയുവിനെ വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ലിയു കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.
എപ്പോഴും ഞാൻ നിങ്ങളെ പ്രതീക്ഷിച്ചിരുന്നു എന്നാണ് വിലങ്ങ് വെച്ചപ്പോൾ പൊലീസിനോട് ലിയു പ്രതികരിച്ചത്. മോഷണ ശ്രമത്തിൻ്റെ ഭാഗമായി ഒരു ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്ന നാല് പേരെയാണ് ലിയുവും കൂട്ടാളിയും ചേർന്ന് കൊലപ്പെടുത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് 22 വർഷങ്ങൾക്ക് ശേഷം കൊലപാതകം തെളിയിക്കാൻ പൊലീസിന് സാധിച്ചത്. അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തിയപ്പോൾ ' ദി ബ്യൂട്ടിഫുൾ റൈറ്റർ ഹു കിൽഡ് ' എന്ന തൻ്റെ തന്നെ ജീവിതം പറയുന്ന ക്രൈം നോവലിൻ്റെ തിരക്കിലായിരുന്നു ലിയു.
"ഞാൻ 22 വർഷമായി കാത്തിരുന്ന നിമിഷത്തിന് സമാപനം ആയിരിക്കുന്നു. ഞാൻ ഏറെക്കാലമായി സഹിച്ചുപോന്നിരുന്ന മാനസിക പീഡനങ്ങളിഷനിന്ന് ഒടുവിൽ എനിക്ക് സ്വതന്ത്രനാകാം" എന്ന് ലിയു തന്റെ ഭാര്യക്ക് കത്തഴുതിയതായും പൊലീസ് പറയുന്നു.
