തിരുവനന്തപുരം: മൂന്നുമാസത്തിനുള്ളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ യൂണിറ്റ് വീണ്ടും പ്രവര്‍ത്തനം തുടങ്ങുമെന്ന് സൂപ്രണ്ട് . യൂണിറ്റ് പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് അനുവദിച്ചുകിട്ടാന്‍ നടപടി തുടങ്ങിയിട്ടുണ്ടെന്നും സൂപ്രണ്ട് പ്രതികരിച്ചു. ഒന്നര വര്‍ഷമായി പൂട്ടിയിട്ടിരിക്കുന്ന യൂണിറ്റിനെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയോടാണ് സൂപ്രണ്ടിന്റെ പ്രതികരണം. പരിശീലനം കിട്ടിയ ജീവനക്കാരുടെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇതു രണ്ടും പരിഹരിക്കാന്‍ ശ്രമം നടക്കുകയാണ്. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് 78 തസ്തികകള്‍ കൂടി സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നീക്കമുണ്ട്. പുതിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് പൂര്‍ണ സജ്ജമാകുന്നതോടെ മികച്ച തീവ്രപരിചരണ യൂണിറ്റും സജ്ജമാക്കാന്‍ കഴിയും.
അണുബാധ ഭീഷണി അടക്കം ഒഴിവാക്കാനുള്ള നടപടികളും സ്വീകരിക്കും. നിലവിലുണ്ടായിരുന്ന താല്‍കാലിക ജീവനക്കാരെയാണ് മാറ്റി നിര്‍ത്തിയിട്ടുള്ളത്. യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങുന്‌പോള്‍ ഈ ജീവനക്കാരെ തിരികെ എത്തിക്കും. നിലവില്‍ യൂണിറ്റ് പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ടിന്റെ കുറവുണ്ട്. അത് പരിഹരിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
