ഏത് നായകനാണ് മത്സരത്തിന് ശേഷം കപ്പ് ഉയര്‍ത്തുക എന്ന ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം

മോസ്കോ: ലോകകപ്പിന്‍റെ കലാശ പോരാട്ടത്തില്‍ ഫ്രാന്‍സും ക്രൊയേഷ്യയും മനസ് നിറയെ സ്വപ്നവുമായി ഇന്ന് പോരടിക്കും. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള കൊമ്പ് കോര്‍ക്കുമ്പോള്‍ ടീമിനെ മുന്നില്‍ നിന്ന് നയിച്ച രണ്ട് നായകന്മാരുടെ കൂടി പോരാട്ടമാണ് ലുഷ്നിക്കിയില്‍ അരങ്ങേറുന്നത്.

ഹ്യൂഗോ ലോറിസോ, ലൂക്കാ മോഡ്രിച്ചോ ആരാകും കിരീടം ഏറ്റുവാങ്ങുകയെന്നാണ് ഫുട്ബോൾ ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ഗോൾമുഖത്ത് മതില്‍പോലെ നിന്നണ് ഹ്യൂഗോ ലോറിസ് ഫ്രാന്‍സിനെ ഫൈനലിലേക്ക് നയിച്ചത്. മുന്നേറ്റവും മധ്യനിരയുമെല്ലാം കഴിവിനൊത്ത പ്രകടനം പുറത്തെടുത്തില്ലെന്ന് വിലയിരുത്തപ്പെടുമ്പോള്‍ ഫ്രാന്‍സിനെ വീഴാതെ പിടിച്ചു നിര്‍ത്തി ഈ നായകന്‍.

സെമിയിലും ക്വാര്‍ട്ടറിലും ഉൾപ്പെടെ ടൂര്‍ണമെന്‍റില്‍ ആകെ മൂന്ന് ക്ലീന്‍ ഷീറ്റ് പ്രകടനമാണ് ടോട്ടനം താരം സ്വന്തമാക്കിയത്. ദഷാംസും സംഘവും നേടിയ കിരീടം വീണ്ടും നാട്ടിലെത്തിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്താണ് ലോറിസ് ഇന്ന് കളത്തിലിറങ്ങുന്നത്. ക്രൊയേഷ്യയെ വീഴ്ത്തിയാല്‍ ഐകര്‍ കസീയസിന് ശേഷം ലോകകപ്പേറ്റു വാങ്ങുന്ന ഗോള്‍ കീപ്പറെന്ന ബഹുമതിയും ലോറിസിന് പേരിലാക്കാം.

ചാമ്പ്യന്‍പട്ടം ലോറിസിനെ ഫ്രഞ്ച് ഫുടിബോളിലെ അനിഷേധ്യ പേരാക്കി മാറ്റും. രാജ്യത്തെ ഏക്കാലത്തെയും മികച്ച ഫുട്ബോളറെന്ന ബഹുമതി ഇപ്പോഴേ സ്വന്തമായുള്ള മോഡ്രിച്ചിന് അത് അരക്കിട്ട് ഉറപ്പിക്കാനുള്ള സുവര്‍ണാവസരമാണിത്. ക്രൊയേഷ്യന്‍ മധ്യ നിരയുടെ ഹൃദയമാണ് ലൂക്കാ.

ടൂര്‍ണമെന്‍റില്‍ മികച്ച ഫോമിലുള്ള ക്രൊയേഷ്യന്‍ നായകന്‍ ഇതുവരെ നേടിയത് രണ്ട് ഗോൾ. മറ്റൊരു ഗോളിനും വഴി തുറന്നു. കട്ടിക്കാലത്തെ കയ്പ്പേറിയ ജീവിതാനുഭവങ്ങൾ ഏത് പ്രതിബന്ധവും തരണം ചെയ്യാന്‍ മോഡ്രിച്ചിനെ പ്രാപ്തനാക്കിയിട്ടുണ്ട്. കിരീടം നേടിയാലും ഇല്ലെങ്കിലും റഷ്യന്‍ ലോകകപ്പിന്‍റെ താരം ഒരു പക്ഷേ മോഡ്രിച്ച് തന്നെ ആയിരിക്കും.