വായ്പയ്ക്ക് അപേക്ഷിക്കാനുളള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കുന്ന സാഹചര്യത്തില്‍ സമയം നീട്ടണമെന്ന് കുടുംബശ്രീ സംസ്ഥാന ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ബാങ്കേഴ്സ് സമിതി അംഗീകാരം നല്‍കിയത്.

കൊച്ചി: പ്രളയ ബാധിതര്‍ക്ക് കുടുംബശ്രീ വഴി വായ്പയ്ക്ക് അപേക്ഷിക്കാനുളള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി. പുതിയതായി കുടുംബശ്രീ സംഘങ്ങളില്‍ ചേര്‍ന്നവര്‍ക്കും വായ്പ ലഭ്യമാക്കണമെന്ന കുടുംബശ്രീയുടെ നിര്‍ദ്ദേശത്തിന് സംസ്ഥാന ബാങ്കേഴ്സ് സമിതി അംഗീകാരം നല്‍കി. ഇതുവഴി 37000 പേര്‍ക്ക് പുതിയതായി വായ്പ ലഭിക്കും.

ഓഗസ്റ്റ് 31ന് ആറു മാസം പൂര്‍ത്തിയായ അയല്‍ക്കൂട്ടങ്ങള്‍ക്ക് മാത്രമായിരുന്നു പ്രളയബാധിതര്‍ക്കുളള വായ്പയ്ക്ക് അര്‍ഹത. ആറ് മാസം പൂര്‍ത്തിയാവാത്ത അയല്‍ക്കൂട്ടങ്ങളിലുളളവരും അയല്‍ക്കൂട്ടങ്ങളില്‍ പുതിയതായി ചേരാ‍ന്‍ കഴിയാത്തവരും ഇതോടെ പ്രതിസന്ധിയിലായി. തുടര്‍ന്ന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സെപ്റ്റംബറില്‍ മൂവായിരത്തിലേറെ പുതിയ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു. 37000 ത്തോളം പേര്‍ അംഗങ്ങളാവുകയും ചെയ്തു. 

എന്നാല്‍ വായ്പയ്ക്ക് അപേക്ഷിക്കാനുളള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കുന്ന സാഹചര്യത്തില്‍ സമയം നീട്ടണമെന്ന് കുടുംബശ്രീ സംസ്ഥാന ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ബാങ്കേഴ്സ് സമിതി അംഗീകാരം നല്‍കിയത്. ഇതോടെ പുതിയതായി രൂപീകരിച്ച സംഘങ്ങള്‍ക്കും വായ്പയ്ക്ക് അര്‍ഹത ലഭിക്കും. ഇതുവരെ 63,000 ഗുണഭോക്താക്കള്‍ക്കായി 520 കോടി രൂപയാണ് കുടുംബശ്രീ വഴി വായ്പ നല്‍കിയത്. 

ജനുവരി ആദ്യവാരത്തോടെ ആയിരം കോടി രൂപ വായ്പ അനുവദിക്കാനാകുമെന്ന പ്രതിക്ഷയിലാണ് കുടുംബശ്രീ അധികൃതര്‍. എറണാകുളം കോട്ടയം, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിന്നാണ് കുടുംബശ്രീ വഴിയുളള വായ്പയ്ക്കായി ഏറ്റവുമധികം അപേക്ഷകരുളളത്. കുടുംബശ്രീ വഴി പ്രളയബധിതര്‍ക്ക് അനുവദിക്കുന്ന വായ്പയുടെ പലിശ സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്.