"കാർഷിക പ്രതിസന്ധി  ഒരുതരത്തില്‍ സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. കാലവർഷവും വിപണിയുമാണു ചെറുകിട കർഷകരെ ബാധിക്കുന്ന നിർണായക ഘടകങ്ങൾ"

ദില്ലി: കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നതിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച് കൃഷിശാസ്ത്രജ്ഞൻ ഡോ. എം.എസ്.സ്വാമിനാഥൻ. രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ നേട്ടത്തിനായി കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുന്നത് ശരിയല്ലെന്ന് ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ ഇദ്ദേഹം അഭിപ്രായപ്പെട്ടു, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ അധികാരത്തിലേറിയ കോൺഗ്രസ് സർക്കാരുകൾ കാർഷിക വായ്പകൾ എഴുതിത്തള്ളിയ പശ്ചാത്തലത്തിലാണു ഹരിത വിപ്ലവത്തിന്‍റെ പിതാവ് എന്ന് അറിയപ്പെടുന്ന കൃഷിശാസ്ത്രജ്ഞന്‍റെ പ്രതികരണം. 

കാർഷിക പ്രതിസന്ധി ഒരുതരത്തില്‍ സാമ്പത്തിക പ്രതിസന്ധി തന്നെയാണ്. കാലവർഷവും വിപണിയുമാണു ചെറുകിട കർഷകരെ ബാധിക്കുന്ന നിർണായക ഘടകങ്ങൾ. സാമ്പത്തികമായി നടപ്പാക്കാൻ സാധിക്കാത്ത നയങ്ങളെ തിരഞ്ഞെടുപ്പു വിജയിക്കാനുള്ള തന്ത്രമായി രാഷ്ട്രീയ നേതാക്കൾ പ്രോൽസാഹിപ്പിക്കരുതെന്ന് സ്വാമിനാഥൻ പറഞ്ഞു.

വായ്പകൾ എഴുതിത്തള്ളുന്നതു കാർഷിക നയത്തിന്‍റെ ഭാഗമാകരുത്. കാർഷിക കടം എഴുതിത്തള്ളുന്നതു സ്ഥിരം പ്രവര്‍ത്തിയാകുന്നതും ദോഷകരമാണ്. അത്രയും പ്രതിസന്ധിയിലാണു കർഷകരെങ്കിൽ മാത്രമേ ഈ നയം സ്വീകരിക്കാവൂ. കാർഷിക മേഖലയെ സാമ്പത്തികമായി സ്വയംപര്യാപ്തമാക്കാനും ലാഭകരമാക്കാനുമുള്ള നടപടികളാണ് എടുക്കേണ്ടതെന്നും സ്വാമിനാഥന്‍ പറയുന്നു.

അടുത്തിടെ ഭരണം നേടിയ കോണ്‍ഗ്രസ് രാജസ്ഥാനിൽ 18,000 കോടി, മധ്യപ്രദേശിൽ 35,000–38,000 കോടി, ഛത്തീസ്ഗഡിൽ 6100 കോടി എന്നിങ്ങനെയാണു വായ്പകൾ എഴുതിത്തള്ളിയത്. കർഷക വോട്ടുബാങ്കുകളെ ഉന്നമിട്ടു നടത്തിയ പ്രഖ്യാപനത്തിലൂടെ 59,100 കോടി മുതൽ 62,100 കോടി രൂപ വരെയാണു സർക്കാരുകൾക്കുണ്ടായ സാമ്പത്തിക ബാധ്യത. 2 ലക്ഷം രൂപ വരെയുള്ള കടങ്ങൾ ഒഴിവാക്കുമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകിയിരുന്നു.