കയ്യൂര്‍ സമര സേനാനി എലച്ചി കണ്ണന്റെ പൗത്രിയും കയ്യൂര്‍ സമരത്തില്‍ എം.എസ്.പി.കാരുടെ ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങിയിട്ടും സാതന്ത്ര സമരപെന്‍ഷന്‍ വേണ്ടെന്ന് പ്രഖ്യാപിച്ച പി.പി.കുമാരന്റെ മകളുമാണ് രാധ. 

കാസര്‍കോട്: പാര്‍ട്ടി ഗ്രാമമായ നീലേശ്വരം പാലായിയില്‍ കയ്യൂര്‍ സമരസേനാനിയുടെ മകളായ വീട്ടമ്മയെ പ്രാദേശിക സിപിഎം നേതാക്കള്‍ ഊരുവിലക്കിയതായി പരാതി. കെ.എസ്.ടി.എ നേതാവായിരുന്ന പരേതനായ ടി.രാഘവന്‍ മാസ്റ്ററുടെ ഭാര്യ എം.കെ രാധാമണിയാണ് പാര്‍ട്ടിക്കെതിരെ പരാതിപ്പെട്ടത്. കൈയ്യിലുണ്ടായിരുന്ന സകല സ്വത്തുക്കളും പാര്‍ട്ടി പ്രാദേശിക നേതൃത്വം തട്ടിയെടുത്ത ശേഷം നീലേശ്വരം പാലായിയിലുള്ള വീട്ടില്‍ നിന്ന് തന്നെ ഇറക്കിവിട്ടതായി കാഞ്ഞങ്ങാട് നടത്തിയ പത്രസമ്മേളനത്തില്‍ രാധാമണി പറഞ്ഞു.

നീലേശ്വരം പാലായിയിലെ ഷട്ടര്‍ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡിന് വീതികൂട്ടാന്‍ കോടതിവിലക്ക് ലംഘിച്ച് ഇവരുടെ പറമ്പിലെ തെങ്ങും കവുങ്ങുകളും മുറിച്ച് മാറ്റിയതിനെച്ചൊല്ലിയുള്ള പ്രശ്‌നങ്ങളാണ് തന്നെ സ്വന്തം വീട്ടില്‍ നിന്നും പുറത്താക്കുന്നതിലേക്ക് പാര്‍ട്ടിക്കാര്‍ എത്തിച്ചതെന്ന് രാധാമണി ആരോപിച്ചു. ഏപ്രില്‍ രണ്ടിന് വൈകീട്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ വീട്ടില്‍ നിന്ന് ഇറക്കി വിടുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തതായി ഇവര്‍ പറഞ്ഞു. സി.പി.എം കൗണ്‍സിലര്‍ ടി. കുഞ്ഞിക്കണ്ണനും മുന്‍ പഞ്ചായത്ത് അംഗമായ സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം പി.കെ. പൊക്കന്‍ എന്നിവരുടെ സ്വാര്‍ഥതയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും രാധാമണി ആരോപിച്ചു.

1998-ല്‍ പാലായി പാലാക്കൊഴുവല്‍ ക്ഷേത്രത്തിന് വേണ്ടി പൂരക്കളി നടത്താന്‍ 4.75 സെന്റ് സ്ഥലം വിട്ടുകൊടുത്തിരുന്നു. സ്വര്‍ണ്ണപ്രശ്‌നം നടത്തി പൂരക്കളി നടത്താന്‍ അനുയോജ്യമല്ലെന്നും പഴയ സ്ഥലം തിരികെ നല്‍കാമെന്നും പറഞ്ഞ് സമ്മര്‍ദ്ദം ഉപയോഗിച്ച് രണ്ടാമതും 4.75 സ്ഥലം വാങ്ങി. ആദ്യം വാങ്ങിയ സ്ഥലം തിരികെ നല്‍കാതെ 18 വര്‍ഷമായി ക്ഷേത്രകമ്മിറ്റിക്കാര്‍ കബളിപ്പിച്ചുകൊണ്ടിരിക്കുന്നു. ഫലത്തില്‍ 9.30 സെന്റ് സ്ഥലം അവര്‍ കൈക്കലാക്കി. പുതിയ റോഡിന് വേണ്ടി തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ 11 മീറ്റര്‍ അകത്തേക്ക് കയറ്റി തങ്ങളുടെ പറമ്പില്‍ കുറ്റിയടിച്ചത് തെറ്റാണെന്ന് സ്ഥലം സന്ദര്‍ശിച്ച കരുണാകരന്‍ എം.പിയും കെ.കുഞ്ഞിരാമന്‍ എം.എല്‍.എയും അഭിപ്രായപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച ആലോചനായോഗത്തില്‍ പരാതിക്കാരിയെ പങ്കെടുപ്പിച്ചിരുന്നില്ല. 

പരാതിക്കാരിയെ വീട്ടിനുള്ളില്‍ അടച്ചുപൂട്ടി ക്ഷേത്ര സ്ഥലത്ത് റോഡ് നിര്‍മ്മിക്കുന്നുവെന്ന പ്രചരണം നടത്തിയാണ് തെങ്ങും കവുങ്ങും മുറിച്ചുമാറ്റി റോഡ് വെട്ടിയതെന്ന് ഇവര്‍ ആരോപിച്ചു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന അയല്‍വാസിയുടെ വാഹനം വലിയ ചെങ്കല്‍ ഇട്ട് തകര്‍ത്തു. വീട്ടിലേക്ക് വരുന്ന വാഹനങ്ങള്‍ തടഞ്ഞുവെക്കുന്നതും പതിവാണ്. നീലേശ്വരം പോലീസില്‍ ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ നിലവിലുണ്ടെന്നും രാധാമണി പറഞ്ഞു. വീട്ടില്‍ കയറാന്‍ കഴിയാത്തതിനാല്‍ ഇപ്പോള്‍ വെള്ളച്ചാലിലാണ് താമസം. മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയാതായും രാധാമണി പറഞ്ഞു.

കയ്യൂര്‍ സമര സേനാനി എലച്ചി കണ്ണന്റെ പൗത്രിയും കയ്യൂര്‍ സമരത്തില്‍ എം.എസ്.പി.കാരുടെ ക്രൂരമര്‍ദ്ദനം ഏറ്റുവാങ്ങിയിട്ടും സാതന്ത്ര സമരപെന്‍ഷന്‍ വേണ്ടെന്ന് പ്രഖ്യാപിച്ച പി.പി.കുമാരന്റെ മകളുമാണ് രാധ. ഇവരുടെ പെണ്‍മക്കളെയും പാര്‍ട്ടിക്കാര്‍ പുലഭ്യം പറഞ്ഞ് ആക്ഷേപിക്കാറുണ്ടെന്നും രാധ പറഞ്ഞു. പാര്‍ട്ടി നേതാക്കളുടെ ഇടപെടല്‍ മൂലം പോലീസില്‍ നിന്ന് തനിക്കും മക്കള്‍ക്കും നീതി ലഭിക്കുന്നില്ലെന്നും രാധ ആരോപിച്ചു. പാലായിലെ വീട്ടിലെ കിണര്‍ വെള്ളത്തില്‍ മനുഷ്യവിസര്‍ജ്യമടക്കമുള്ള മാലിന്യങ്ങള്‍ കൊണ്ടിട്ടതായും വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തതായും രാധ ആരോപിച്ചു.