തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കള്‍ തട്ടിക്കൊണ്ടു പോയി തടങ്കലില്‍ പാര്‍പ്പിച്ചെന്നും കൊല്ലാന്‍ ശ്രമിച്ചെന്നും പരാതിയുമായി ആര്‍എസ്എസ് പ്രാദേശിക നേതാവ്. കല്ലയം സ്വദേശിയും കടയ്ക്കാവൂര്‍ പഞ്ചായത്ത് കാര്യവാഹകുമായ വിഷ്ണുവാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. അതേസമയം പരാതിക്കുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആര്‍ എസ് എസ് നേതൃത്വം വിശദീകരിച്ചു.
ഡിസംബര്‍ 15നാണ് കേസിനാസ്പദമായസംഭവം നടന്നത്. തട്ടിക്കൊകൊണ്ടുപോയശേഷം ആര്‍എസ്എസ് ഓഫീസുകളിലും വീടുകളിലുമായി തടങ്കലില്‍ പാര്‍പ്പിച്ചെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു. ഫസല്‍ വധക്കേസ് പ്രതി ഷിനോജിനെയും ധന്‍രാജ് വധക്കേസ് പ്രതി കണ്ണനെയും ഒറ്റികൊടുത്തു എന്നാരോപിച്ചാണ് തന്നെ തട്ടിക്കൊണ്ടു പോയതെന്നും വിഷ്ണു പറയുന്നു. തന്നെ കൊലപ്പെടുത്തിയ ശേഷം അതിന് ഉത്തരവാദി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനാണെന്നു വരുത്തിത്തീര്‍ക്കാന്‍ ആര്‍എസ്എസ് നേതാക്കള്‍ ശ്രമിച്ചതായും വിഷ്ണു പരാതിയില്‍ പറയുന്നു.
അതേസമയം ആരോപണങ്ങള്‍ ആര്‍ എസ് എസ് നേതൃത്വം നിഷേധിച്ചു. ആരോപണങ്ങള്‍ക്കുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആര്‍ എസ് എസ് നേതൃത്വം പറയുന്നു. ഇതിനിടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിഷ്ണുവിന് പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തി.
