ഇറാന്റെ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യൻ സംഘർഷം ആഗോള എണ്ണവിലയെ ബാധിക്കുന്നതിനിടെ, ഇറാനിലെ എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഭീഷണിയുണ്ട്. യുദ്ധം ഇതിനകം ജയിച്ചുവെന്ന് ട്രംപ് അവകാശപ്പെടുമ്പോൾ, ലോകരാജ്യങ്ങൾ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കയിലാണ്.

ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവിനെ അമേരിക്കയുടെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുക്കുകയെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ താത്പര്യപ്രകാരം അല്ലാതെ അധികാരമേൽക്കുന്ന ഏത് പുതിയ നേതാവും അധികകാലം നിലനിൽക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നിലവിലെ ഇറാന്റെ ആഭ്യന്തര സാഹചര്യങ്ങളിലും അധികാര കൈമാറ്റ ചർച്ചകളിലും അമേരിക്ക നേരിട്ട് ഇടപെടുമെന്ന സൂചനയാണ് ട്രംപ് നൽകുന്നത്. ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഇറാന്റെ അസംബ്ലി ഓഫ് എക്സ്പെർട്സ് ധാരണയിലെത്തിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിൻ്റെ പ്രതികരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമേരിക്കയ്ക്ക് താല്പര്യമുള്ള ഒരാളെ മാത്രമേ ഇറാനിൽ പരമോന്നത നേതാവായി നിശ്ചയിക്കാൻ പാടുള്ളൂവെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു. അതിനിടെ പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ എണ്ണവില വർദ്ധിക്കുന്നത് തടയാൻ അമേരിക്കൻ ഉദ്യോഗസ്ഥർ തീവ്രശ്രമം നടത്തുകയാണ്. നിലവിലെ എണ്ണ വിതരണത്തിലുണ്ടായ തടസ്സങ്ങൾ താൽക്കാലികമാണെന്നും വിപണി ഉടൻ പൂർവസ്ഥിതിയിലാകുമെന്നും അമേരിക്കൻ ഏജൻസികൾ പറയുന്നു. എന്നാൽ പശ്ചിമേഷ്യൻ മേഖലയിലെ എണ്ണ ഉൽപ്പാദന-സംഭരണ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ക്രൂഡ് ഓയിൽ വില 200 ഡോളർ കടക്കുന്ന സാഹചര്യം നേടാനാവുമെങ്കിൽ മാത്രമേ ഇസ്രയേൽ തങ്ങളുടെ എണ്ണ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തുന്നത് തുടരാവൂ എന്നാണ് ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്.

ഇറാനെതിരെയുള്ള നീക്കങ്ങളിൽ അമേരിക്കൻ ഭരണകൂടം സഖ്യകക്ഷികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും, എന്നാൽ ബ്രിട്ടന്റെ വിമാനവാഹിനിക്കപ്പലുകൾ തനിക്ക് ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. യുദ്ധം ഇതിനോടകം തന്നെ അമേരിക്ക ജയിച്ചുകഴിഞ്ഞു എന്ന ആത്മവിശ്വാസമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. എന്നാൽ ആഗോള സമ്പദ്‌വ്യവസ്ഥയെയും എണ്ണ വിപണിയെയും ഈ യുദ്ധം എത്രത്തോളം ബാധിക്കുമെന്ന ആശങ്കയിൽ ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ. ഇറാനിലെ എണ്ണ കേന്ദ്രങ്ങൾക്കു നേരെയുള്ള ആക്രമണം മൂലം ആഗോള ക്രൂഡ് ഓയിൽ വിതരണത്തിന്റെ അഞ്ചിലൊന്ന് നിലച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.