പ്രാദേശിക ലേഖകനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതിയില്‍ അന്വേഷണം

മലപ്പുറം: പ്രാദേശിക പത്രപ്രവര്‍ത്തകനെ മലപ്പുറം അരീക്കോട് സ്റ്റേഷനില്‍ ലോക്കപ്പിലടച്ച് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ അന്വേഷണം തുടങ്ങി. സുപ്രഭാതം പത്രത്തിന്‍റെ അരീക്കോട് ലേഖകന്‍ മുഹമ്മദ് ശഫീക്കിനെ മർദ്ദിച്ചെന്നാണ് പരാതി.

ഗെയില്‍ സമരത്തിന്‍റ ഭാഗമായി ചെങ്ങറയില്‍ സ്ഥാപിച്ച ബോര്‍ഡ് അപകീര്‍ത്തികരമാണെന്ന് ആരോപിച്ച് പൊലീസ് കഴിഞ്ഞ ദിവസം അഴിച്ചു കൊണ്ടു പോയിരുന്നു.
ബോര്‍ഡിന്‍റ ഫോട്ടോ എടുത്തതിനാണ് ലേഖകനെ പൊലീസ് തടഞ്ഞത്. ക്യാമറ പിടിച്ചു വാങ്ങി കോളറിന് പിടിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചു എന്നാണ് പരാതി.

കൂടുതല്‍ പ്രാദേശിക മാധ്യപ്രവര്‍ത്തകര്‍ സ്റ്റേഷനില്‍ എത്തിയ ശേഷമാണ് ശഫീഖിനെ വിട്ടയച്ചത്. മലപ്പുറം എസ്പിക്ക് നല്‍കിയ പരാതിയില്‍ പൊലീസ് ശഫീഖിന്‍റ മൊഴി 
എടുത്തിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ സംഭവങ്ങളും കെട്ടിച്ചമച്ചതാണെന്നും ലേഖകന്‍റ കൈക്കു പിടിച്ചു സറ്റേഷനിലേക്ക് കൊണ്ടു പോവുക മാത്രമാണ് ചെയ്തതെന്നും പൊലീസ് പറയുന്നു. എസ്ഐയുടെ റുമിലിരുത്തുക മാത്രമാണ് ഉണ്ടായതെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു.